കേരളം

kerala

ETV Bharat / sports

എത്തിഹാദില്‍ 'ഡബിള്‍' അടിച്ച് ഫോഡൻ; ഡെര്‍ബിയില്‍ യുണൈറ്റഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി - Man City vs Man Utd Result

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് ജയം. സിറ്റി യുണൈറ്റഡിനെ പരാജയപ്പെടുത്തിയത് 3-1 എന്ന സ്കോറിന്. ഫില്‍ ഫോഡന് ഇരട്ട ഗോള്‍.

Manchester City  Manchester United  Phil Foden  Man City vs Man Utd Result  പ്രീമിയര്‍ ലീഗ്
Man City vs Man Utd

By ETV Bharat Kerala Team

Published : Mar 4, 2024, 7:50 AM IST

ലണ്ടൻ: പ്രീമിയര്‍ ലീഗിലെ (Premier League) മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ (Manchester Derby) മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് (Manchester City) ജയം. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ (Manchester United) പരാജയപ്പെടുത്തിയത്. ഫില്‍ ഫോഡന്‍റെ (Phil Foden) ഇരട്ടഗോളും എര്‍ലിങ് ഹാലൻഡിന്‍റെ (Erling Haaland) ഗോളുമാണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് ജയമൊരുക്കിയത്.

മാര്‍ക്കസ് റാഷ്ഫോര്‍ഡായിരുന്നു (Marcus Rashford) യുണൈറ്റഡിന്‍റെ ഗോള്‍ സ്കോറര്‍ (Manchester City vsManchester United Result).സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ 19-ാം ജയമായിരുന്നു ഇത്. ജയത്തോടെ, പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള പോയിന്‍റ് വ്യത്യാസം ഒന്നായി കുറയ്‌ക്കാനും പെപ് ഗ്വാര്‍ഡിയോളയ്‌ക്കും സംഘത്തിനും സാധിച്ചു. നിലവില്‍ 62 പോയിന്‍റുമായാണ് സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നത്. 44 പോയിന്‍റോടെ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

എത്തിഹാദ് സ്റ്റേഡിയത്തില്‍ ആദ്യം ലീഡ് പിടിച്ചത് സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. മത്സരത്തിന്‍റെ എട്ടാം മിനിറ്റിലാണ് അവര്‍ സിറ്റി ഹോം ഗ്രൗണ്ടിനെ നിശബ്‌ദമാക്കിയത്. ഗോള്‍ കീപ്പര്‍ ഒനാന ഉയര്‍ത്തി നല്‍കിയ പന്ത് സിറ്റി ബോക്‌സിന് പുറത്ത് റാഷ്‌ഫോര്‍ഡിന് ഷോട്ടുതിര്‍ക്കാൻ പാകത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പാസ് നല്‍കി. അതില്‍ നിന്നും തകര്‍പ്പൻ ഒരു ലോങ്റേഞ്ചറിലൂടെയാണ് റാഷ്‌ഫോര്‍ഡ് ഗോള്‍ നേടിയത്.

പിന്നാലെ, തിരിച്ചടിക്കാനുള്ള നീക്കങ്ങള്‍ സിറ്റിയും നടത്തി. എന്നാല്‍, ആദ്യ പകുതിയില്‍ യുണൈറ്റഡ് ഗോളി ആന്ദ്രേ ഒനാനയെ മറികടക്കാൻ ആതിഥേയര്‍ക്കായിരുന്നില്ല. തകര്‍പ്പൻ സേവുകളിലൂടെ പല പ്രാവശ്യമായിരുന്നു താരം യുണൈറ്റഡിന്‍റെ രക്ഷകനായത്.

45-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്താനുള്ള അവസരം എര്‍ലിങ് ഹാലൻഡ് നഷ്‌ടപ്പെടുത്തി. ബോക്‌സിനുള്ളില്‍ നിന്നും സിക്‌സ് യാര്‍ഡ് ബോക്‌സിലേക്ക് ഫോഡൻ ഉയര്‍ത്തി നല്‍കിയ പന്ത് ടാപ് ഇൻ ചെയ്യാനുള്ള ഹാലൻഡിന്‍റെ ശ്രമം പരാജയപ്പെടുകയായിരുന്നു.

രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിലാണ് സിറ്റി മത്സരത്തില്‍ യുണൈറ്റഡിനൊപ്പം പിടിക്കുന്നത്. ബോക്‌സിന് പുറത്തുനിന്നുള്ള ഫോഡന്‍റെ ലോങ് റേഞ്ചറാണ് മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്കും സമനില സമ്മാനിച്ചത്. 80-ാം മിനിറ്റില്‍ ഫോഡൻ വീണ്ടും യുണൈറ്റഡിന്‍റെ വല കുലുക്കി.

യുണൈറ്റഡ് ബോക്‌സിനുള്ളില്‍ കയറിയാണ് ഫോഡൻ ഇത്തവണ വെടി പൊട്ടിച്ചത്. യൂലിയൻ അല്‍വാരസ് ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. അവസാന ഇഞ്ചുറി ടൈമില്‍ റോഡ്രിയുടെ അസിസ്റ്റില്‍ നിന്നും ലക്ഷ്യം കണ്ട് ഹാലന്‍ഡ് മത്സരത്തില്‍ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

Also Read :വലൻസിയ റയല്‍ പോരിലെ നാടകീയ സംഭവങ്ങള്‍, റഫറിയ്‌ക്കെതിരെ കാര്‍ലോ ആൻസലോട്ടി

ABOUT THE AUTHOR

...view details