എഫ് എ കപ്പ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കൂറ്റന്‍ ജയം. മൂന്നാം റൗണ്ടില്‍ സാല്‍ഫോര്‍ഡ് സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ എട്ട് ഗോളിനാണ് സിറ്റിയുടെ ജയം. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സാല്‍ഫോര്‍ഡിന് സിറ്റിയോട് മുട്ടിനില്‍ക്കാന്‍ പോലും ആയില്ല. ജെയിംസ് മക്കാറ്റി ഹാട്രിക് ഗോള്‍ നേടിയപ്പോള്‍ ജെറമി ഡോകു ഇരട്ടഗോളുകളുമായി തിളങ്ങി.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കളിയുടെ തുടക്കത്തില്‍ തന്നെ സിറ്റി ഗോളടിച്ച് സിറ്റി മുന്നിട്ടുനില്‍ക്കുകയായിരുന്നു. എട്ടാം മിനിറ്റില്‍ ജെറമി ഡോകുവില്‍ നിന്നാണ് ആദ്യഗോള്‍ പിറന്നത്. 20-ാം മിനിറ്റില്‍ ഡിവിന്‍ മുബാമ സ്‌കോര്‍ ഇരട്ടിയാക്കി. പിന്നാലെ 43-ാം മിനിറ്റില്‍ നിക്കോ ഒറെയ്‌ലിമൂന്നാം ഗോളും അടിച്ചതോടെ കളി പൂര്‍ണമായും സിറ്റിയുടെ നിയന്ത്രണത്തിലായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ 49-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി ജാക്ക് ഗ്രീലിഷ് സിറ്റിയുടെ സ്‌കോര്‍ വീണ്ടും ഉയര്‍ത്തി. 62-ാം മിനിറ്റില്‍ ജെയിംസ് മക്കാറ്റി അക്കൗണ്ട് തുറന്നപ്പോള്‍ 5-0 ആയി . 69-ാം മിനിറ്റില്‍ വീണ്ടും പെനാല്‍റ്റി ഗോളാക്കി മാറ്റിയ ജെറമി ഡോകു തന്‍റെ ഇരട്ടഗോള്‍ സ്വന്തമാക്കി. 72, 81 മിനിറ്റില്‍ വീണ്ടും ഗോളുമായി ജെയിംസ് മക്കാറ്റി ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം പൂര്‍ത്തിയായി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്റ്റാൻലിയെ എതിരില്ലാത്ത നാല് ഗോളിന് ലിവർപൂള്‍ തകര്‍ത്തു. ഇതോടെ ടീം നാലാം റൗണ്ടിലേക്ക് കടന്നു. ഡിയോഗോ ജോട്ട, അലക്സാണ്ടർ അർനോൾഡ്, ജെയ്ഡൻ ഡാൻസ്, ഫെഡെറികോ ചിയേസ എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ ആസ്റ്റൻ വില്ല വെസ്റ്റ് ഹാം യുനൈറ്റഡിനെ തോൽപിച്ചു 2-1.