ന്യൂഡൽഹി:അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ ശ്രീലങ്കന്‍ ബൗളറായി മഹേഷ് തീക്ഷണ. സെഡൺ പാർക്കിൽ ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിലാണ് തീക്ഷണയുടെ നേട്ടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കളിയുടെ 35-ാം ഓവറിൽ, 15 പന്തിൽ 20 റൺസെടുത്ത കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്‌നറെയും നഥാൻ സ്‌മിത്തിനെയുമാണ് താരം ആദ്യം പുറത്താക്കിയത്. പിന്നാലെ. 37-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ മാറ്റ് ഹെൻറിയെ ഔട്ടാക്കി തീക്ഷണ തന്‍റെ ഹാട്രിക് തികച്ചു.
2018 ൽ ബംഗ്ലാദേശിനെതിരെ ദുഷ്‌മന്ത മധുശങ്ക ഹാട്രിക് നേടിയതിന് ശേഷം ആറ് വർഷത്തിനിടെ ഒരു ശ്രീലങ്കൻ ബൗളറുടെ ആദ്യ ഏകദിന ഹാട്രിക്കാണ് കിവീസിനെതിരേ നടന്നത്. കൂടാതെ 2025 ൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി മഹേഷ് തീക്ഷണ.
ഇതോടെ ചാമിന്ദ വാസ്, ലസിത് മലിംഗ, ദിൽഷൻ മധുശങ്ക, നഥാൻ സ്മിത്ത് തുടങ്ങിയ ശ്രീലങ്കൻ ബൗളർമാരുടെ കൂട്ടത്തിൽ തീക്ഷണയുടെ ഹാട്രിക്ക് നേട്ടവും ഉൾപ്പെട്ടു. 8 ഓവറിൽ 44 റൺസ് വഴങ്ങി 4 വിക്കറ്റോടെ മികച്ച പ്രകടനം മഹേഷ് പുറത്തെടുത്തെങ്കിലും ശ്രീലങ്കക്ക് ജയിക്കാനായില്ല.
മഴയെ തുടര്‍ന്ന് ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ഏകദിനം 37 ഓവർ വീതമാണ് നടന്നത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 9 വിക്കറ്റ് നഷ്‌ടപ്പെടുത്തി 255 റണ്‍സാണെടുത്തത്. 63 പന്തിൽ 79 റൺസ് നേടിയ രച്ചിൻ രവീന്ദ്ര ഏകദിന കരിയറിലെ നാലാമത്തെ അർധസെഞ്ചുറി നേടി.
52 പന്തിൽ മാർക്ക് ചാപ്‌മാന്‍ 62 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ 142 റണ്‍സില്‍ ശ്രീലങ്ക പുറത്തായി. കമിന്ദു മെന്‍ഡീസ് മാത്രമാണ് ലങ്കയ്ക്കായി പൊരുതിയത്. 66 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0 കിവീസ് മുന്നിലെത്തി.
Also Read:ലിവർപൂൾ ഫുട്ബോൾ ക്ലബ് വാങ്ങാൻ ഇലോൺ മസ്‌കിന് താല്‍പര്യമുണ്ടെന്ന് പിതാവ് - ELON MUSK LIVERPOOL BUY