ലഖ്‌നൗ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പ്ലേ ഓഫിന് അടുത്തേക്ക് എത്താൻ ഇരു ടീമിനും ഇന്നത്തെ കളിയില്‍ ജയം അനിവാര്യമാണ്.
പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പത്ത് മത്സരങ്ങളില്‍ ഏഴ് ജയം സ്വന്തമാക്കിയ അവര്‍ക്ക് 14 പോയിന്‍റാണ് നിലവില്‍. പത്ത് കളിയില്‍ ആറെണ്ണത്തിലും ജയം സ്വന്തമാക്കിയ ലഖ്‌നൗ കൊല്‍ക്കത്തയ്‌ക്ക് തൊട്ടുപിന്നില്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ്.
ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ലഖ്‌നൗവും കൊല്‍ക്കത്തയും തമ്മിലേറ്റുമുട്ടുന്ന രണ്ടാമത്തെ മത്സരമാണിത്. ആദ്യം നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ടിന്‍റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും മികവില്‍ കെകെആര്‍ എട്ട് വിക്കറ്റിന്‍റെ ജയമായിരുന്നു സ്വന്തമാക്കിയത്. ഈഡൻ ഗാര്‍ഡൻസിലെ ഈ തോല്‍വിക്ക് പകരം ചോദിക്കുക എന്ന ലക്ഷ്യവും ഇന്ന് സൂപ്പര്‍ ജയന്‍റ്‌സിനുണ്ടാകും.
എന്നാല്‍, താരങ്ങളുടെ പരിക്ക് അവരെ ആശങ്കിയിലാക്കുന്നതാണ്. പേസ് സെൻസേഷൻ മായങ്ക് യാദവ് പരിക്കേറ്റ് ഐപിഎല്ലില്‍ നിന്നും പുറത്തായത് ലഖ്‌നൗവിന് കനത്ത പ്രഹരമാണ്. ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പരിക്കും ടീമിന് തലവേദന സൃഷ്‌ടിക്കുന്നു.
ഡി കോക്കിന്‍റെ അഭാവത്തില്‍ ക്യാപ്‌റ്റൻ കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പുരാൻ എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ ഭാരിച്ച ജോലികളാകും ചെയ്യാനുണ്ടാകുക. മധ്യനിരയിലേക്ക് ആഷ്‌ടണ്‍ ടര്‍ണറുടെ വരവ് ബാറ്റിങ്ങില്‍ ടീമിന് കരുത്താകുമെന്ന് പ്രതീക്ഷിക്കാം. ലഖ്‌നൗവിലെ വിക്കറ്റില്‍ രവി ബിഷ്‌ണോയ്, കൃണാല്‍ പാണ്ഡ്യ എന്നിവരുടെ ബൗളിങ് പ്രകടനങ്ങളാകും ആതിഥേയര്‍ക്ക് നിര്‍ണായകമാകുക.