മുംബൈ:ഐപിഎല്‍ പതിനേഴാം പതിപ്പിലെ അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ച് മുംബൈ ഇന്ത്യൻസ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ച് മടങ്ങാൻ ഇറങ്ങിയ മുംബൈയെ 18 റണ്‍സിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് കീഴടക്കിയത്. ജയിച്ചെങ്കിലും പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ ലഖ്‌നൗവും പ്ലേഓഫ് കാണാതെ പുറത്തായി.
വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 20 ഓവറില്‍ 214 റണ്‍സാണ് നേടിയത്. ക്യാപ്‌റ്റൻ കെഎല്‍ രാഹുലിന്‍റെയും മധ്യനിരയിലെ പ്രധാനി നിക്കോളസ് പുരാന്‍റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തിലായിരുന്നു ലഖ്‌നൗ തകര്‍പ്പൻ സ്കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് 196 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും േചര്‍ന്നൊരുക്കിയത്. ആദ്യ വിക്കറ്റില്‍ 8.4 ഓവറില്‍ ഇരുവരും 88 റണ്‍സ് നേടി. 20 പന്തില്‍ 23 റണ്‍സ് നേടിയ ബ്രെവിസിനെ വീഴ്‌ത്തി ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കിയത് നവീൻ ഉള്‍ ഹഖ്.
മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് അക്കൗണ്ട് തുറക്കും മുന്‍പേ കൂടാരം കയറി. പത്താം ഓവര്‍ പന്തെറിഞ്ഞ കൃണാല്‍ പാണ്ഡ്യയാണ് സൂര്യകുമാറിനെ പുറത്താക്കിയത്. 11-ാം ഓവറില്‍ സ്കോര്‍ 97-ല്‍ നില്‍ക്കെ തകര്‍ത്തടിച്ചുകൊണ്ടിരുന്ന രോഹിത് ശര്‍മയെ (38 പന്തില്‍ 68) രവി ബിഷ്‌ണോയ് മൊഹ്‌സിൻ ഖാന്‍റെ കൈകളില്‍ എത്തിച്ചു.