ലണ്ടൻ:സ്‌പാര്‍ട്ട പ്രാഗിനെ (AC Sparta Prague) ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ (Liverpool) യുവേഫ യൂറോപ്പ ലീഗ് (UEFA Europa League) ക്വാര്‍ട്ടറില്‍. ആൻഫീല്‍ഡില്‍ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ പോരില്‍ ചെക്ക് റിപ്പബ്ലിക്കൻ ക്ലബിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തെറിഞ്ഞത്. ഇരു പാദങ്ങളിലായി നടന്ന മത്സരങ്ങളില്‍ 11-2 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് ചെമ്പടയുടെ മുന്നേറ്റം.
കഴിഞ്ഞ ആഴ്‌ച സ്‌പാര്‍ട്ട പ്രാഗിന്‍റെ ഹോം ഗ്രൗണ്ടായ എപെറ്റ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ലിവര്‍പൂള്‍ ജയിച്ചത്. ആൻഫീല്‍ഡില്‍ രണ്ടാം പാദ മത്സരത്തിനെത്തിയപ്പോഴും ചെക്ക് റിപ്പബ്ലിക്കൻ ക്ലബിനെ പൂട്ടാൻ ലിവര്‍പൂളിന് സാധിച്ചു. മത്സരത്തില്‍ ഏഴ് മിനിറ്റിനുള്ളില്‍ നാല് ഗോളാണ് ചെമ്പട സ്‌പാര്‍ട്ട പ്രാഗിന്‍റെ വലയിലേക്ക് എത്തിച്ചത്.
ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ അടിച്ച ഡാര്‍വിൻ ന്യൂനസിലൂടെയായിരുന്നു ആൻഫീല്‍ഡിലും ലിവര്‍പൂളിന്‍റെ ഗോള്‍വേട്ടയുടെ തുടക്കം. മത്സരത്തിന്‍റെ ഏഴാം മിനിറ്റിലായിരുന്നു ന്യൂനസ് ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടുന്നത്. ഡൊമിനിക്ക് സോബോസ്ലൈയുടെ അസിസ്റ്റില്‍ നിന്നാണ് ന്യൂനസ് സന്ദര്‍ശകരുടെ വലയിലേക്ക് പന്ത് അടിച്ചുകയറ്റിയത്.
ഈ ഗോളിന്‍റെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ രണ്ടാം ഗോളും സ്‌പാര്‍ട്ട പ്രാഗയുടെ വലയലിലേക്ക്. അതും മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍. മൊഹമ്മദ് സലായുടെ അസിസ്റ്റില്‍ നിന്നും യുവ മധ്യനിര താരം ബോബി ക്ലാര്‍ക്കാണ് ആതിഥേയര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്.