ലണ്ടൻ :പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലിവര്‍പൂള്‍. സീസണിലെ 30-ാം മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെമ്പടയുടെ മുന്നേറ്റം. സീസണില്‍ ലിവര്‍പൂളിന്‍റെ 21-ാം ജയമായിരുന്നു ഇത്.
ഡാര്‍വിൻ ന്യൂനസ്, അലെക്‌സിസ് മാക് അലിസ്റ്റെര്‍, കോഡി ഗാപ്‌കോ എന്നിവരാണ് ലിവര്‍പൂളിന്‍റെ ഗോള്‍ സ്കോറര്‍മാര്‍. കോണര്‍ ബ്രാഡ്‌ലിയുടെ സെല്‍ഫ് ഗോളാണ് മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് ആശ്വാസമായത്.
30 മത്സരം പൂര്‍ത്തിയായപ്പോള്‍ 70 പോയിന്‍റാണ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനുള്ളത്. ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 68 പോയിന്‍റും മൂന്നാം സ്ഥാനക്കാരായ സിറ്റിക്ക് 67 പോയിന്‍റുമാണ് നിലവില്‍. അതേസമയം, എട്ട് മത്സരങ്ങളാണ് സീസണില്‍ ശേഷിക്കുന്നത്. നിലവില്‍ മൂന്നാം സ്ഥാനക്കാരായ സിറ്റിയേക്കാള്‍ മൂന്ന് പോയിന്‍റ് മാത്രം മുന്നിലാണ് ലിവര്‍പൂള്‍
പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമായിരുന്നു ലിവര്‍പൂള്‍ ആൻഫീല്‍ഡില്‍ നടത്തിയത്. സ്വന്തം തട്ടകത്തില്‍ സന്ദര്‍ശകരായെത്തിയ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ മികച്ച രീതിയില്‍ തന്നെ തുടങ്ങാൻ ലിവര്‍പൂളിനായി. അഞ്ചാം മിനിറ്റില്‍ ആതിഥേയരുടെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആയിരുന്നു ഷെഫീല്‍ഡ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തിയത്.