ലണ്ടൻ : പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ ജയവുമായി ആഴ്‌സണല്‍ (Arsenal), ലിവര്‍പൂള്‍ (Liverpool) ടീമുകള്‍. കഴിഞ്ഞ ദിവസം നടന്ന ലീഗിലെ 25-ാം റൗണ്ട് മത്സരത്തില്‍ ബേണ്‍ലി, ബ്രെന്‍റ്ഫോര്‍ഡ് ടീമുകളെയാണ് വമ്പന്മാര്‍ തകര്‍ത്തത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാനും ഇരുടീമിനുമായി.
ആഴ്‌സണല്‍ ഗോള്‍മഴ: എവേ മത്സരത്തിലാണ് ആഴ്‌സണല്‍ എതിരാളികളായ ബേണ്‍ലിയെ പരാജയപ്പെടുത്തിയത്. ബേണ്‍ലിയുടെ തട്ടകമായ ടര്‍ഫ് മൂറില്‍ നടന്ന മത്സരം എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു സന്ദര്‍ശകരായ പീരങ്കിപ്പട ജയിച്ചത് (Burnley vs Arsenal Result). മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡാണ് ഗോള്‍ വേട്ട തുടങ്ങിവച്ചത്.
41-ാം മിനിറ്റില്‍ ബുക്കായോ സാക്ക പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഈ രണ്ട് ഗോളുകള്‍ മാത്രമായിരുന്നു ആഴ്‌സണല്‍ അടിച്ചത്. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ തന്നെ സാക്ക വീണ്ടും ബേണ്‍ലിയുടെ വലയില്‍ പന്തെത്തിച്ചു.
47-ാം മിനിറ്റിലായിരുന്നു സാക്ക രണ്ടാമതും ആഴ്‌സണലിനായി മത്സരത്തില്‍ ഗോള്‍ നേടിയത്. ലിയാന്‍ഡ്രോ ട്രോസാര്‍ഡിലൂടെ മത്സരത്തിന്‍റെ 66-ാം മിനിറ്റില്‍ ആഴ്‌സണല്‍ ലീഡ് നാലാക്കി ഉയര്‍ത്തി. 78-ാം മിനിറ്റില്‍ ഹാവര്‍ട്‌സിലൂടെയാണ് സന്ദര്‍ശകര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനും ആഴ്‌സണലിനായി. ലീഗിലെ 25 മത്സരങ്ങളില്‍ നിന്നും 17 ജയം സ്വന്തമാക്കിയ ആഴ്‌സണലിന് നിലവില്‍ 55 പോയിന്‍റാണുള്ളത്.