ഫ്ലോറിഡ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അർജന്‍റീനയ്ക്കായി നടത്തിയ മിന്നും പ്രകടനം ഇന്‍റർ മയാമിക്ക് വേണ്ടിയും തുടര്‍ന്ന് ലയണൽ മെസി. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക് നേടിയതിന് ശേഷമുള്ള തൊട്ടടുത്ത മത്സരത്തില്‍, ഇന്‍റര്‍ മയാമിക്കായും മൂന്ന് ഗോളുകള്‍ അടിച്ചിരിക്കുകയാണ് സൂപ്പർ താരം. മത്സരത്തില്‍ മെസിയുടെ കരുത്തില്‍ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് മയാമി തകര്‍ക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മയാമി ഗോള്‍ മഴ തീര്‍ത്തത്. ഇരട്ട ഗോള്‍ നേടിയ ലൂയി സുവാരസും ബെഞ്ചമിൻ ക്രെമാഷിയുമാണ് ടീമിന്‍റെ മറ്റ് ഗോള്‍ വേട്ടക്കാര്‍. മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ ലൂക്ക ലങ്കോനിയുടെ ഗോളില്‍ ന്യൂ ഇംഗ്ലണ്ട് മുന്നിലെത്തി. 34-ാം മിനിട്ടില്‍ ഡൈലൻ ബൊറേനോയുടെ ഗോളില്‍ അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്‌തു.
എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് മയാമി ഒപ്പമെത്തി. 40, 43 മിനിട്ടില്‍ ലൂയി സുവാരസായിരുന്നു ഗോളടിച്ചത്. 57-ാം മിനിട്ടിലാണ് മെസിയെ കളത്തിലിറക്കുന്നത്. 58-ാം മിനിട്ടില്‍ ബെഞ്ചമിൻ ക്രെമാഷി ടീമിനെ ഒപ്പമെത്തിക്കുകയും ചെയ്‌തു. തുടര്‍ന്ന് 78, 81, 89 മിനിട്ടുകളിലാണ് മെസിയുടെ ഗോള്‍ വേട്ട.
ALSO READ: മോഡലുമായി പ്രണയം; സ്വത്തിന്‍റെ പകുതി വേണം, വിവാഹമോചനം ആവശ്യപ്പെട്ട് ഇംഗ്ലീഷ് താരത്തിന്‍റെ ഭാര്യ
11 മിനിട്ടുകള്‍ക്കുള്ളിലാണ് താരം ഹാട്രിക് പൂർത്തിയാക്കിയത്. വിജയത്തോടെ 74 പോയിന്‍റുമായി ഇന്‍റര്‍ മയാമി മേജർ ലീഗ് സോക്കറിന്‍റെ റെഗുലര്‍ സീസണ്‍ ഫിനിഷ് ചെയ്‌തു. 34 മത്സരങ്ങളില്‍ 22 എണ്ണം വിജയിച്ച ഇന്‍റര്‍ മയാമി നാല് കളികളില്‍ മാത്രമാണ് തോറ്റത്.
എട്ട് മത്സരങ്ങള്‍ സമനിലയിലായി. മയാമി സീസണില്‍ നേടിയ 74 പോയിന്‍റ് ലീഗില്‍ ഒരു ടീമിന്‍റെ റെക്കോഡ് പ്രകടനമാണ്. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷന്‍ 2021-ല്‍ നേടിയ 73 പോയിന്‍റിന്‍റെ പ്രകടനമാണ് പഴങ്കഥയായത്.