മെല്‍ബണ്‍:പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്... ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രീമിയം പേസര്‍മാരാണ് ഇവര്‍ മൂവരും. 30 വയസ് പിന്നിട്ട ഇരുവരും കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഉള്‍പ്പടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനായി മിന്നും പ്രകടനമാണ് നടത്തിയത്. ഏറെക്കുറെ കരിയറിന്‍റെ അവസാന ലാപ്പിലൂടെയുള്ള യാത്രയിലാണ് കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് ത്രയം.
ഒരു താരം കളി മതിയാക്കുമ്പോള്‍ അയാളുടെ പകരക്കാരനെ അതിവേഗം തന്നെ കണ്ടെത്തുക എന്നതാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ നയം. ഏകദിന ക്രിക്കറ്റില്‍ തങ്ങളുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റും അത്തരത്തിലൊരു തലമുറ മാറ്റത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം (Australia vs West Indies 1st ODI). നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ലാന്‍സ് മോറിസ് (Lance Morris), സേവ്യര്‍ ബാര്‍ട്‌ലെറ്റ് (Xavier Bartlett) എന്നീ രണ്ട് പേസര്‍മാരാണ് ഓസീസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്.
25 വയസ് പ്രായമുള്ള രണ്ട് താരങ്ങളും വലംകയ്യന്മാരായ പേസര്‍മാരാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ഇരുവരും ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്ക് എത്തിയിരിക്കുന്നത്. മെല്‍ബണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുരോഗമിക്കുന്ന ആദ്യ മത്സരത്തില്‍ ഇവര്‍ ഇരുവരും ചേര്‍ന്നാണ് ഓസ്‌ട്രേലിയക്കായി ബൗളിങ് ഓപ്പണ്‍ ചെയ്‌തത്.