മുംബൈ :ഇന്ത്യ-ഇംഗ്ലണ്ട് (India vs England Test) ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ച് മത്സര പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ അതിഥേയര്‍ 2-1ന് മുന്നിലാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ 28 റണ്‍സിന് തോല്‍പ്പിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് നടന്ന രണ്ട് ടെസ്റ്റുകളും വിജയിക്കാന്‍ ഇന്ത്യയ്‌ക്കായി. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിനും രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനും വിജയം നേടിയായിരുന്നു രോഹിത് ശര്‍മയുടെ സംഘത്തിന്‍റെ തിരിച്ചടി. ഇതിന് പിന്നാലെ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ആക്രമണോത്സുക രീതിയായ ബാസ്‌ബോളിന് എതിരെയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ഇപ്പോഴിതാ പരമ്പരയില്‍ ഇംഗ്ലീഷ് ടീമിന്‍റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത് (Kris Srikkanth). ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ (Bazball) വിലപ്പോയില്ലെന്നും പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നുമാണ് കൃഷ്‌ണമാചാരി ശ്രീകാന്ത് പറഞ്ഞുവയ്‌ക്കുന്നത്.
"സാധ്യമെങ്കിൽ, അടുത്ത വിമാനം പിടിച്ച് അവര്‍ നാട്ടിലേക്ക് തിരികെ പോകുന്നതാണ് നല്ലത്. പക്ഷെ, ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾ കളിക്കേണ്ടതുണ്ട്. ബാസ്‌ബോളും പിന്നെ അവര്‍ പറഞ്ഞ മറ്റ് കാര്യങ്ങളും ഇവിടെ നടപ്പായിട്ടില്ല. എവിടെയാണ് ബാസ്‌ബോള്‍ പ്രവര്‍ത്തിച്ചത്. ആഷസിൽ പ്രവർത്തിച്ചോ?.