വിശാഖപട്ടണം :ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ പിറന്ന മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 106 റൺസിന് ആയിരുന്നു കൊൽക്കത്തയുടെ വിജയം. 273 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഡൽഹിയുടെ പോരട്ടം 17.2 ഓവറിൽ 166 റൺസിൽ അവസാനിച്ചു.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്കായി തിളങ്ങിയത് ക്യാപ്റ്റൻ റിഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവർ മാത്രം. 25 പന്തിൽ 55 റൺസ് ആയിരുന്നു ഡൽഹി നായകന്‍റെ സമ്പാദ്യം. സ്റ്റബ്‌സ് 32 പന്തിൽ 54 റൺസ് നേടി.
തകർച്ചയോടെയാണ് ഡൽഹി റൺ ചേസ് തുടങ്ങിയത്. പവർപ്ലേയിൽ തന്നെ അവർക്ക് നാല് വിക്കറ്റ് നഷ്‌ടമായി. പ്രിത്വി ഷാ (10), മിച്ചൽ മാർഷ് (0), അഭിഷേക് പോരൽ (0), ഡേവിഡ് വാർണർ (18) എന്നിവരാണ് തുടക്കത്തിൽ തന്നെ പുറത്തായത്. പിന്നീട് ക്രീസിൽ ഒന്നിച്ച പന്തും സ്റ്റബ്‌സും ടീം സ്കോർ ഉയർത്തി.
അഞ്ചാം വിക്കറ്റിൽ ഇരുവരും നേടിയത് 93 റൺസ്. സ്കോർ 126ൽ നിൽക്കെ പന്തിനെ പുറത്താക്കി വരുൺ ചക്രവർത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് വന്നവരിൽ ആർക്കും രണ്ടക്കം കടക്കാനായില്ല.
അക്‌സര്‍ പട്ടേല്‍ നേരിട്ട ആദ്യ പന്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്ത്. 15-ാം ഓവറിലെ അഞ്ചാം പന്തില്‍ സ്കോര്‍ 159ല്‍ നില്‍ക്കെ സ്റ്റബ്‌സും മടങ്ങി. വരുണ്‍ ചക്രവര്‍ത്തിയാണ് സ്റ്റബ്‌സിന്‍റെയും വിക്കറ്റ് നേടിയത്.
സുമിത് കുമാര്‍ (7), റാസിഖ് സലാം (1), ആൻറിച്ച് നോര്‍ക്യ (4) എന്നിവരാണ് പുറത്തായ മറ്റ് ഡല്‍ഹി താരങ്ങള്‍. മൂന്ന് പന്തില്‍ ഒരു റണ്‍സ് നേടിയ ഇഷാന്ത് ശര്‍മ പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്‌ക്കായി വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 272 റണ്‍സ് നേടിയത്. സുനില്‍ നരെയ്‌ൻ (39 പന്തില്‍ 85), അംഗ്‌കൃഷ് രഘുവൻഷി (27 പന്തില്‍ 54), ആന്ദ്രേ റസല്‍ (19 പന്തില്‍ 41), റിങ്കു സിങ് (8 പന്തില്‍ 26) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോര്‍ അടിച്ചെടുത്തത്. ഡല്‍ഹിക്കായി പന്തെറിഞ്ഞവരില്‍ ആൻറിച്ച് നോര്‍ക്യ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.
Also Read :ഹാര്‍ദിക് ഒറ്റപ്പെട്ടു, 'ചിലര്‍' തടസം നില്‍ക്കുന്നു; ഒളിയമ്പുമായി ഹര്‍ഭജന്‍ സിങ് - Harbhajan Singh Backs Hardik Pandya