ഹെെദരാബാദ്: ഇന്ത്യൻ ഫുട്ബോളിന്‍റെ പൈതൃക ടൂർണമെന്‍റുകളിൽ ഒന്നാണ് 1941ൽ ആരംഭിച്ച സന്തോഷ് ട്രോഫി. പുരുഷന്മാരുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പാണിത്. അക്കാലത്ത്, ഡ്യൂറൻഡ് കപ്പ്, റോവേഴ്‌സ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ ടൂർണമെന്‍റുകൾ ഇന്ത്യൻ ഫുട്ബോളിൽ നിലനിന്നിരുന്നുവെങ്കിലും അവയെല്ലാം ക്ലബ്ബുകൾക്ക് വേണ്ടിയായിരുന്നു.
എന്നാല്‍ ഒരു സംസ്ഥാനതല ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്‍റെ ആവശ്യകത പരിഹരിക്കുന്നതിനായി ബംഗാളിലെ കായികരംഗത്തെ സമിതിയായ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനായിരുന്നു (ഐഎഫ്എ) സന്തോഷ് ട്രോഫി ഔദ്യേഗികമായി പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പിന്നീട് ടൂർണമെന്‍റിന്‍റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുകയുണ്ടായി.
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരമായ സർ മന്മഥ നാഥ് റോയ് ചൗധരിയുടെ പേരിലാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. സന്തോഷ് ട്രോഫിയിൽ റണ്ണറപ്പുകളും മൂന്നാം സ്ഥാനക്കാരുമായ ടീമുകൾക്കും പേരിട്ടിരിക്കുന്ന ട്രോഫികളാണ് ലഭിക്കുക. എന്നാല്‍ റണ്ണേഴ്‌സ് അപ്പ് ട്രോഫിയെ കമല ഗുപ്‌ത ട്രോഫി എന്നാണ് വിളിക്കുന്നത്.
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സർവീസസ്, റെയിൽവേ തുടങ്ങിയ ചില സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സന്തോഷ് ട്രോഫിയിൽ മത്സരിക്കുന്നു. പശ്ചിമ ബംഗാൾ, 1941-42 ലെ പ്രഥമ സന്തോഷ് ട്രോഫി കിരീടം ഫൈനലിൽ ഡൽഹിയെ 5-1 ന് പരാജയപ്പെടുത്തി ആദ്യ കിരീടം സ്വന്തമാക്കി, സന്തോഷ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയികളായ ടീമാണ് പശ്ചിമ ബംഗാൾ. 32 തവണ കിരീടം നേടിയപ്പോൾ 14 തവണ റണേഴ്‌സപ്പായി.