ഗുവാഹത്തി:ഐപിഎല്‍ പതിനേഴാം പതിപ്പിലെ പ്ലേഓഫ് മത്സരക്രമമായി. പോയിന്‍റ് പട്ടികയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ആയിരുന്ന രാജസ്ഥാൻ റോയല്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് ഇട്ടെങ്കിലും ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെ ഇരു ടീമും ഓരോ പോയിന്‍റ് പങ്കിട്ടു.
ഇതോടെ, 17 പോയിന്‍റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനക്കാരായി ലീഗ് ഘട്ടം അവസാനിപ്പിച്ചു. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 14 കളിയില്‍ 20 പോയിന്‍റാണ് സ്വന്തമാക്കിയത്. 17 പോയിന്‍റും രാജസ്ഥാൻ റോയല്‍സിനേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുമുള്ള സണ്‍റൈസേഴ്‌സ് ഹെദരാബാദാണ് രണ്ടാം സ്ഥാനത്ത്. സീസണിലെ അവസാന മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്‌സിന്‍റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ ഹൈദരാബാദ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.