കേരളം

kerala

ETV Bharat / sports

'ഒഴിവാക്കുന്നതിന് പിന്നില്‍ ജയ്‌ ഷാ, എന്നാല്‍ കോലിയ്‌ക്ക് വേണ്ടി രോഹിത് നിലകൊണ്ടു' ; വെളിപ്പെടുത്തലുമായി മുന്‍ താരം

ടി20 ലോകകപ്പില്‍ വിരാട് കോലി വേണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐ സെക്രട്ടറി ജയ്‌ ഷായോട് പറഞ്ഞതായി മുന്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍.

Rohit Sharma  Virat Kohli  Kirti Azad  Jay shah
Kirti Azad reveales that Rohit Sharma stood for Virat Kohli to play in T20 World Cup 2024

By ETV Bharat Kerala Team

Published : Mar 17, 2024, 8:04 PM IST

മുംബൈ : നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള (T20 World Cup 2024) ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് (Virat Kohli) ഇടം ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ടൂര്‍ണമെന്‍റ് അരങ്ങേറുന്ന വെസ്റ്റ് ഇന്‍ഡീസിലേയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് സെലക്‌ടര്‍മാര്‍ ഉള്ളതെന്നായിരുന്നു പ്രസ്‌തുത റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്. 2022-ലെ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ നിന്നും വിട്ടുനിന്ന രോഹിത് ശര്‍മയേയും (Rohit Sharma) വിരാട് കോലിയേയും ജനുവരിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെയായിരുന്നു ബിസിസിഐ ഫോര്‍മാറ്റിലേക്ക് തിരികെ എത്തിച്ചത്.

മൂന്നാം ടി20യില്‍ രോഹിത് സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ കോലിയ്‌ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ (Jay shah) പ്രഖ്യാപിച്ചപ്പോഴും കോലിയുടെ സ്ഥാനം സംബന്ധിച്ച് പ്രതികരണമുണ്ടായിരുന്നില്ല. ഇതാണ് നിലവിലെ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നത്.

എന്നാല്‍ കോലിയില്ലാതെ ഇന്ത്യ ടി20 ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ താരം കീർത്തി ആസാദ്. കോലിയെ തഴയാനുള്ള തീരുമാനത്തിന് പിന്നില്‍ ജെയ് ഷായാണ്. എന്നാല്‍ വിരാട് കോലിക്ക് വേണ്ടി ഇന്ത്യന്‍ രോഹിത് ശർമ നിലകൊണ്ടുവെന്നാണ് ആസാദ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്ത് വിലകൊടുത്തും ടി20 ലോകകപ്പ് ടീമിൽ കോലി വേണമെന്ന് രോഹിത് ജയ്‌ ഷായോട് തറപ്പിച്ച് പറഞ്ഞതായും ആസാദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.

"എന്തിന് ജയ് ഷാ ഇടപെട്ടു ?, മറ്റ് സെലക്ടർമാരോട് സംസാരിക്കാനും, വിരാട് കോലിക്ക് ടി20 ടീമിൽ ഇടം ലഭിക്കില്ലെന്ന് ബോധ്യപ്പെടുത്താനും അജിത് അഗാര്‍ക്കറിനെ ചുമതലപ്പെടുത്താന്‍, ജയ്‌ ഷാ ഒരു സെലക്‌ടറല്ല. മാര്‍ച്ച് 15 വരെയാണ് സമയം നല്‍കിയത്. പുറത്തുവരുന്ന വിവരങ്ങള്‍ വിശ്വാസത്തിലെടുക്കാമെങ്കില്‍, അജിത് അഗാര്‍ക്കറിന് അത് ബോധ്യപ്പെട്ടിട്ടില്ല, മറ്റ് സെലക്‌ടര്‍മാരെ അക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുമില്ല.

ജയ്‌ ഷാ ഇക്കാര്യം രോഹിത്തിനോടും ചോദിച്ചിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും കോലിയെ വേണമെന്നാണ് രോഹിത് പറഞ്ഞത്. വിരാട് കോലി ടി20 ലോകകപ്പ് കളിക്കും, ടീം തിരഞ്ഞെടുപ്പിന് മുമ്പ് അതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിഡ്ഢികള്‍ സ്വയമേവ കടന്നുകൂടരുത്' - കീര്‍ത്തി ആസാദ് കുറിച്ചു.

ALSO READ: മുതിര്‍ന്ന താരങ്ങള്‍ക്ക് പോലും ഭയമാണ് ; പാകിസ്ഥാന്‍ ടീമിലെ അരക്ഷിതാവസ്ഥ വെളിപ്പെടുത്തി നസീം ഷാ

ABOUT THE AUTHOR

...view details