ലണ്ടന്‍: വെസ്റ്റ് ഇൻഡീസിന്‍റെ അപകടകാരിയായ ബാറ്റിസ്‌മാനായിരുന്നു കീറോൺ പൊള്ളാർഡ്. അന്താരാഷ്ട്ര ക്രിക്കറ്റിനോട് പൊള്ളാർഡ് വിട പറഞ്ഞെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇപ്പോഴും സജീവമാണ് ബോളർമാരുടെയെല്ലാം പേടിസ്വപ്നമായ താരം. ഇംഗ്ലണ്ടിൽ നടക്കുന്ന 100 ലീഗ് മത്സരത്തിൽ റാഷിദ് ഖാനെ തകര്‍ത്തെറിഞ്ഞതാണ് താരത്തെ ഇപ്പോള്‍ സൂപ്പര്‍ ഹീറോയാക്കുന്നത്.
ലീഗില്‍ സതേൺ ബ്രേവിന് വേണ്ടിയാണ് പൊള്ളാര്‍ഡ് കളിക്കുന്നത്. ട്രെന്‍റ് റോക്കറ്റ്സിനെതിരെ നടന്ന കളിയിൽ അവരുടെ സ്റ്റാർ സ്‌പിന്നറായ റാഷിദിനെതിരെ ഒരു ഓവറിൽ അഞ്ച് സിക്‌സറുകളാണ് താരം പറത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ട്രെന്‍റ് റോക്കറ്റ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു.
15 പന്തിൽ 10 റൺസ് മാത്രം നൽകി ഒരു വിക്കറ്റ് വീഴ്ത്തി നില്‍ക്കുമ്പോഴായിരുന്നു റാഷിദിന്‍റെ മുന്നിലേക്ക് കരീബിയൻ ഓൾറൗണ്ടർ എത്തിയത്. ടീമിന് ജയിക്കാൻ 20 പന്തിൽ 49 റൺസ് വേണ്ടിയിരുന്നപ്പോൾ മിന്നുന്ന ഇന്നിങ് കളിച്ച് പൊള്ളാര്‍ഡ് മത്സരത്തില്‍ വിജയ സാധ്യത ഉറപ്പിച്ചു. അഞ്ച് സിക്‌സറുകള്‍ പറത്തിയതോടെ 15 പന്തിൽ 19 റൺസ് മാത്രം അവശേഷിച്ചു.
രണ്ട് വിക്കറ്റിന് ജയിച്ചാണ് സതേൺ ബ്രേവ് ആവേശകരമായ മത്സരം അവസാനിപ്പിച്ചത്. 23 പന്തിൽ 45 റൺസെടുത്ത കീറോൺ പൊള്ളാർഡാണ് ടോപ് സ്കോറർ. മൂന്ന് വിക്കറ്റോടെ ജോൺ ടർണർ ട്രെന്‍റ് റോക്കറ്റ്‌സിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തി. സതേൺ ബ്രേവ് അഞ്ച് വിജയങ്ങളുമായി ടൂർണമെന്‍റിൽ രണ്ടാം സ്ഥാനത്തും ട്രെന്‍റ് റോക്കറ്റ്സ് മൂന്ന് വിജയങ്ങളുമായി അഞ്ചാം സ്ഥാനത്തുമാണ്.
Also Read:ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സരബ്ജോത് സിങ് സർക്കാർ ജോലി നിരസിച്ചു, ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം - Sarabjot Singh