ഹൈദരാബാദ്: യു.എ.ഇയുടെ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം. ഇടംകൈ ബാറ്ററും ബൗളറുമായ കെസിയ മറിയം സബിനാണ് നമീബിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിനുള്ള യു.എ.ഇ ടീമില്‍ ഇടം നേടിയത്. വര്‍ക്കല സ്വദേശികളായ സബിന്‍ ഇഖ്ബാലിന്‍റേയും മറിയം മാത്യുവിന്‍റേയും മകളാണ് കെസിയ. യു.എ.ഇയില്‍ ജനിച്ചതിനാലാണ് കെസിയ യു.എ.ഇയുടെ ദേശീയ ടീമിലെത്തിയത്. യുഎഇ ടീമിന്‍റെ പരിശീലകനായ അഹമ്മദ് റാസ, കെസിയയുടെ കളി വിഡിയോയിൽ കണ്ടാണ് താരത്തെ യുഎഇയിലേക്കു ക്ഷണിച്ചത്.
കേരളത്തിന്‍റെ ജൂനിയര്‍ ടീമുകളില്‍ ജേഴ്‌സിയണിഞ്ഞ കെസിയ അണ്ടർ 19 മത്സരത്തിൽ 2 തവണ കേരളത്തിനായി കളിച്ചു. മണിപ്പൂരിനും മിസോറമിനും എതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. തിരുവനന്തപുരം കെ.സി.എയുടെ പരിശീലനത്തിനു ശേഷം കെസിയ ബെംഗളൂരുവില്‍ രാഹുല്‍ ദ്രാവിഡ് അക്കാദമിയില്‍ ചേര്‍ന്നു. ചെന്നൈയിൽ രവി ശാസ്ത്രി ക്രിക്കറ്റ് സ്‌കൂളിലും രാജസ്ഥാൻ റോയൽസ് അക്കാദമിയിലും താരം ക്രിക്കറ്റ് പരിശീലിക്കുകയുണ്ടായി.