കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കേരളത്തിന് ഇന്ന് രണ്ടാം അങ്കം. ഫൈനൽ റൗണ്ട് ലക്ഷ്യം വെച്ച് ആതിഥേയര്‍ ലക്ഷദ്വീപിനെ നേരിടും. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത ഒരു ഗോളിന് റെയിൽവേസിനെ തോല്‍പ്പിച്ചിരുന്നു. ആദ്യ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ രണ്ടാം വിജയം സ്വന്തമാക്കി ഫൈനൽ റൗണ്ട് ബെര്‍ത്ത് ഉറപ്പിക്കാനാണ് കേരളം ഇറങ്ങുന്നത്. മത്സരം വൈകുന്നേരം 3.30ന് കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.
ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഇന്നത്തെ മത്സരത്തിലും കേരളത്തിനായി ഇറങ്ങുക. മുന്നേറ്റനിരയിലടക്കം എല്ലാ പോരായ്മകളും പരിഹരിക്കും. ആദ്യ മത്സരത്തിൽ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞെങ്കിലും ഗോൾ മാത്രം അകന്ന് നിൽക്കുകയായിരുന്നു. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ സ്‌കോർ ചെയ്ത് നിലഭദ്രമാക്കാനാണ് ശ്രമമെന്ന് പരിശീലകൻ ബിബി തോമസ് വ്യക്തമാക്കി.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയോട് 3-2 സ്‌കോറില്‍ പൊരുതി കീഴടങ്ങിയ ദ്വീപുകാരെ നിസാരക്കാരായി കാണാനും കഴിയില്ല. കരുത്ത് കൊണ്ടും കഴിവ് കൊണ്ടും കഴിവുള്ള ലക്ഷദ്വീപിനെതിരേ കരുതലോടെ കളിച്ചാൽ മാത്രമേ ജയിക്കാന്‍ കഴിയൂ. 2017 മുതലാണ് ലക്ഷദ്വീപ് സന്തോഷ് ട്രോഫി കളിച്ചു തുടങ്ങിയത്. ദ്വീപിന്‍റെ അവസാന മത്സരം റെയില്‍വേസുമായാണ്.