റോഹ്‌തക് (ഹരിയാന): രഞ്ജി ട്രോഫിയില്‍ ഹരിയാനയ്ക്കെതിരെ കേരളം 291 റൺസിന് ഓൾഔട്ട്. മൂന്നാം ദിവസം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ് കേരളം ബാറ്റിങ് തുടങ്ങിയത്. ഹരിയാനയുടെ ഫാസ്റ്റ് ബോളർ അൻഷുൽ കംബോജാണ് കേരളത്തിന്‍റെ പത്തു വിക്കറ്റുകളും വീഴ്ത്തിയത്. ലാഹ്‌ലിയിലെ ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് കംബോജ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളർ പ്രേമംഗുസു മോഹൻ ചാറ്റർജിയാണ്. 1956-57 സീസണിൽ ബംഗാളിനായാണ് താരം റെക്കോർഡ് സൃഷ്ടിച്ചത്.
1985-86 പതിപ്പിൽ വിദർഭയ്‌ക്കെതിരായ മത്സരത്തിൽ രാജസ്ഥാനു വേണ്ടി പ്രദീപ് സുന്ദരവും ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ ബൗളറാണ് കാംബോജ്. വെറ്ററൻ ലെഗ് സ്പിന്നർമാരായ അനിൽ കുംബ്ലെ, സുഭാഷ് ഗുപ്‌തെ, ദേബാശിഷ് മൊഹന്തി എന്നിവരാണ് പട്ടികയിലുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒമാനിൽ അടുത്തിടെ സമാപിച്ച എസിസി എമർജിങ് ഏഷ്യാ കപ്പ് ടൂർണമെന്‍റിൽ അൻഷുൽ കംബോജ് ഇന്ത്യ എ ടീമിയില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമാണ്. 2023/24 ലെ വിജയ് ഹസാരെ ട്രോഫി നേടുന്നതിൽ ഹരിയാനയ്ക്കായി പ്രധാന പങ്ക് വഹിച്ച താരം 10 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് വീഴ്ത്തി. 47 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 23 ലിസ്റ്റ് എ വിക്കറ്റുകളും 17 ടി20 വിക്കറ്റുകളും കംബോജ് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ആദ്യ ഇന്നിങ്സിൽ കേരളത്തിനായി അക്ഷയ് ചന്ദ്രൻ (59), രോഹൻ എസ്. കുന്നുമ്മൽ (55), സച്ചിൻ ബേബി (52), മുഹമ്മദ് അസറുദ്ദീന്‍ (53) എന്നിവർ അർധ സെഞ്ചറി നേടിയിരുന്നു. ഷോൺ റോജർ 42 റൺസും സ്വന്തമാക്കി. ബാബ അപരാജിത് (0), സൽമാൻ നിസാർ (0), ജലജ് സക്സേന (4) എന്നിവർ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.
ഒരു ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ:-
- പ്രേമൻസു ചാറ്റർജി - ബംഗാൾ vs അസം (1956-57)
- ദേബാസിസ് മൊഹന്തി - ഈസ്റ്റ് സോൺ v സൗത്ത് സോൺ (2000-01)
- അൻഷുൽ കംബോജ് - ഹരിയാന vs കേരളം (2024-25)
- അനിൽ കുംബ്ലെ - ഇന്ത്യ vs പാകിസ്ഥാൻ (1999)
- പ്രദീപ് സുന്ദരം - രാജസ്ഥാൻ vs വിദർഭ (1985-86)
- സുഭാഷ് ഗുപ്തെ - ബോംബെ v പാകിസ്ഥാൻ കമ്പൈൻഡ് സർവീസസ് & ബഹവൽപൂർ ഇലവൻ (1954-55)
Also Read:ലോകം കാത്തിരുന്ന മത്സരത്തിനായി ടൈസണ്‍ വീണ്ടും റിങ്ങില്‍, പോരാട്ടത്തിന് മുന്‍പേ അടിപൊട്ടി