മുംബൈ: കേന്ദ്ര കരാറില്‍ നിന്നും ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ ഒഴിവാക്കിയ ബിസിസിഐ നടപടി ഏറെ ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനിറങ്ങണമെന്ന നിര്‍ദേശം ചെവിക്കൊള്ളാതിരുന്നതിന് പിന്നാലെയാണ് ഇരുവര്‍ക്കും ബിസിസിഐയുടെ കേന്ദ്ര കരാര്‍ നഷ്‌ടമാവുന്നത്. ഇപ്പോഴിതാ ഇരുവരേയും കരാറില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറിന്‍റേതായിരുന്നുവന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
"സെലക്ഷന്‍ മീറ്റിങ്ങില്‍ ഞാന്‍ ഒരു കൺവീനർ മാത്രമാണ്, ഭരണഘടന പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും. ആ തീരുമാനം അജിത് അഗാർക്കറിന്‍റേതാണ്. ആഭ്യന്തര ക്രിക്കറ്റിന് ഇറങ്ങാതിരുന്ന ആ രണ്ട് കളിക്കാരെയും (ഇഷാൻ കിഷനും ശ്രേയസ് അയ്യരും) കേന്ദ്ര കരാറില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹത്തിന്‍റേത് മാത്രമായിരുന്നു.
തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുകയാണ് എന്‍റെ ചുമതല. ആ സ്ഥാനത്തേക്ക് സഞ്‌ജുവിനെപ്പോലെയുള്ള (സഞ്‌ജു സാംസണ്‍) താരങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്. ആരും ഒഴിച്ചുകൂടാനാവാത്തവരല്ല" - ജയ് ഷാ പറഞ്ഞു. ബിസിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷായുടെ വാക്കുകള്‍. കരാറില്‍ നിന്നും പുറത്തായ ശേഷം ഇഷാനോടും ശ്രേയസിനോടും താന്‍ സംസാരിച്ചിരുന്നുവെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.
ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകണമെന്ന ബോർഡിന്‍റെ നിലപാട് ആദ്ദേഹം ആവർത്തിക്കുകയും ചെയ്‌തു. ഇന്ത്യൻ ക്യാപ്റ്റന്‍റെയും ടീം മാനേജ്‌മെന്‍റിന്‍റേയും നിർദേശങ്ങൾ പാലിക്കാത്ത കളിക്കാർക്കെതിരായ ഏത് നടപടിയിലും ചീഫ് സെലക്‌റുടെ തീരുമാനത്തെ താന്‍ പൂർണമായി പിന്തുണയ്ക്കുമെന്ന് ജയ് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.