ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ആരംഭിക്കും (India vs England 5th Test). ധര്‍മശാലയില്‍ മാര്‍ച്ച് ഏഴിനാണ് അഞ്ചാം ടെസ്റ്റിന് തുടക്കമാവുന്നത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതരയ്‌ക്കാണ് ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരിശീലന സെഷന്‍ നിശ്ചയിച്ചിരിക്കുന്നത്.
റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിന് ശേഷമുള്ള ഇടവേളയ്‌ക്ക് ശേഷം മാര്‍ച്ച് മൂന്നിന് ധര്‍മശാലയിലേക്ക് എത്തിച്ചേരാനാണ് സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജാംനഗറിൽ ആന്ദന് അംബാനി- രാധിക മര്‍ച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ധര്‍മശാലിയേക്ക് തിരിക്കുക. കുൽദീപ് യാദവ്, സർഫറാസ് ഖാൻ തുടങ്ങിയ താരങ്ങൾ നേരത്തെ തന്നെ ഇവിടെ എത്തിയിട്ടുണ്ട്.
ധർമ്മശാലയിൽ മഴ പെയ്യുന്നതിനാൽ, നാളത്തെ പരിശീലന സെഷൻ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഉച്ചയ്‌ക്ക് ഒന്നര മുതല്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ പരിശീലന സെഷന്‍ നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടാനാണ് സാധ്യത.
അതേസമയം നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3-1ന് പരമ്പര സ്വന്തമാക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ആതിഥേയര്‍ പരമ്പര പിടിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. പിന്നീട് വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റുകള്‍ക്കുമാണ് ഇംഗ്ലീഷ് ടീമിനെ ആതിഥേയര്‍ കീഴടക്കിയത്.