വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ജയം കൊതിച്ച ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ഒല്ലി പോപ്പിന്‍റെ (Ollie Pope) തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിന് ശേഷം 200 റണ്‍സിന് പുറത്തുള്ള വിജയ ലക്ഷ്യം ഇന്ത്യയ്‌ക്ക് മുന്നില്‍ ഉയര്‍ത്തിയത് ഒല്ലി പോപ്പ് അടിച്ച 196 റണ്‍സിന്‍റെ മികവിലാണ്.
രണ്ടാം ടെസ്‌റ്റിന്‍റെ (India vs England 2nd Test) ആദ്യ ഇന്നിങ്‌സില്‍ വിശാഖപട്ടണത്ത് ഇറങ്ങിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ താരത്തെ പുറത്താക്കാന്‍ ആതിഥേയര്‍ക്ക് അവസരം ലഭിച്ചിരുന്നു. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്തിന് മുതാലാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച ഒല്ലി പോപ്പ് ഇന്ത്യക്ക് ഭീഷണിയാവുന്നതാണ് കാണാന്‍ കഴിഞ്ഞത്.
എന്നാല്‍ ഒരു അതിമനോഹരമായ യോര്‍ക്കറിലൂടെ ജസ്‌പ്രീത് ബുംറ (Jasprit Bumrah) താരത്തെ തിരികെ കയറ്റി. 28-ാം ഓവറിന്‍റെ അഞ്ചാം പന്തിലായിരുന്നു ബുംറ ഒല്ലി പോപ്പിന്‍റെ കുറ്റിയിളക്കിയത്. ബുംറയില്‍ നിന്നും ഒരു ഷോട്ട് ബോളോ സ്ലോ ബോളോ പ്രതീക്ഷിച്ചായിരുന്നു പോപ്പിന്‍റെ നില്‍പ്പ്.
എന്നാല്‍ മിസൈല്‍ കണക്കെയുള്ള ബുംറയുടെ ഇന്‍സിങ് യോര്‍ക്കര്‍ പോപ്പിനെ തീര്‍ത്തും നിസ്സായനാക്കി. ബുംറയുടെ പന്തുകൊണ്ട് മിഡില്‍ സ്റ്റംപും ലെഗ് സ്റ്റംപും ഗ്രൗണ്ടില്‍ പറന്ന് വീണപ്പോള്‍ കടുത്ത നിരാശ പ്രകടിപ്പിച്ചാണ് പോപ്പ് ക്രീസ് വീട്ടത്. 55 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 23 റണ്‍സാണ് ഒല്ലി പോപ്പിന് നേടാന്‍ കഴിഞ്ഞത്.