വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ( India vs England 2nd Test) നിലവില്‍ ഇന്ത്യ നേടിയ മേല്‍ക്കൈയില്‍ നിര്‍ണായക പങ്കാണ് സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്കുള്ളത്. ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് അടുപ്പിച്ച് ലീഡ് സമ്മാനിച്ചത് താരത്തിന്‍റെ ആറ് വിക്കറ്റ് നേട്ടമാണ്. പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന വിശാഖപട്ടണത്തെ പിച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ ആറാട്ട് നടത്തിയാണ് ജസ്‌പ്രീത് ബുംറ (Jasprit Bumrah) ഇന്ത്യയെ ഡ്രൈവിങ് സീറ്റിലേക്ക് നയിച്ചത്
ഇന്ത്യന്‍ പിച്ചല്ല, ലോകത്ത് എവിടെ ആയാലും ബാസ്‌ബോള്‍ മാറ്റാനില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെയായിരുന്നു വിശാഖപട്ടണത്ത് ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഇന്ത്യന്‍ ബോളര്‍മാരെ തുടര്‍ച്ചയായി ബൗണ്ടറി കടത്തി ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും തങ്ങളുടെ നയം അടിവരയിട്ടു. അശ്വിനും മുകേഷ് കുമാറും കുല്‍ദീപും അക്‌സറും ഒരു ഘട്ടത്തില്‍ ബുംറയും അടിവാങ്ങി.
ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് 114 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ബുംറയുടെ തിരിച്ചുവരവില്‍ ടീം ചാരമാവുന്നതാണ് കാണാന്‍ കഴിഞ്ഞത്. സാക്ക് ക്രൗളിയേയും ബെന്‍ ഡക്കറ്റിനേയും കുല്‍ദീപും അക്‌സറും മടക്കിയപ്പോള്‍ ജോ റൂട്ടിനെ ഇരയാക്കിക്കൊണ്ടായിരുന്നു ബുംറയുടെ വിക്കറ്റ് വേട്ട. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ഒല്ലി പോപ്പ്, ജോണി ബെയര്‍സ്റ്റോ എന്നിവരെക്കൂടി മടക്കിയ താരം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
ഇതോടെ മുട്ടിടിച്ച ഇംഗ്ലീഷ് ബുംറയ്‌ക്ക് എതിരെ ബാസ്‌ബോള്‍ ഇപേക്ഷിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. വേഗവും സ്വിങ്ങും കൊണ്ട് ഇംഗ്ലീഷ് ബാറ്റര്‍മാരെ താരം നിരന്തരം വിറപ്പിച്ചു. കരുതലോടെ കളിച്ചുവെങ്കിലും ബെന്‍ സ്റ്റോക്‌സ്, ടോം ഹാര്‍ട്ട്‌ലി, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരും ബുംറയുടെ ക്ലാസിന് മുന്നില്‍ വീണു. ഇതിൽ ഒല്ലി പോപ്പിന്‍റേയും, ബെൻ സ്റ്റോക്‌സിന്റെയും വിക്കറ്റ് വീഴ്‌ത്തിയ ബുംറയുടെ പന്തുകള്‍ അതിമാരകമായിരുന്നു.