ടെക്‌സാസ് (യുഎസ്എ): 19 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോക്‌സിങ് റിങ്ങിലേക്ക് തിരിച്ചെത്തിയ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി. ടെക്‌സാസിലെ ആർലിങ്ടണിലുള്ള എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന ബ്ലോക്ക്ബസ്റ്റർ ബോക്‌സിങ് മത്സരത്തിൽ 27 കാരനായ ജേക്ക് പോളാണ് വെറ്ററൻ ടൈസണെ പരാജയപ്പെടുത്തിയത്. 78-74 എന്ന സ്കോറിലാണ് ജേക്കിന്‍റെ ജയം.
പ്രീ മാച്ച് പ്രസന്‍റേഷനിൽ ടൈസണ്‍ ജേക്ക് പോളിന്‍റെ മുഖത്ത് അടിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. താന്‍ തോല്‍ക്കില്ലായെന്ന് പറഞ്ഞ് ടൈസണ്‍ വെല്ലുവിളിച്ചതിനാല്‍ മത്സരത്തിന് മുമ്പ് തന്നെ പിരിമുറുക്കമുണ്ടായിരുന്നു. മത്സരത്തിന്‍റെ ആദ്യ റൗണ്ടുകളിൽ ടൈസൺ വിജയിച്ചു. എന്നാല്‍ അവസാനം ക്ഷീണവും പ്രായവും ടൈസനെ പിടികൂടി. ആദ്യ രണ്ട് റൗണ്ടുകളും ഗംഭീരമായ ശൈലിയിൽ ഇതിഹാസം താരം മുന്നിട്ടുനിന്നു.
ഇതിനുശേഷം ടൈസന്‍റെ കാലുകൾ തളർന്നു തുടങ്ങുകയും നടത്തം പതുക്കെയായി. ഇത് പോളിന് ഒരു തിരിച്ചുവരവിനുള്ള അവസരം നൽകി. അഞ്ചാം റൗണ്ടിന്‍റെ തുടക്കത്തിൽ ടൈസന്‍റെ ഇടത് ഹുക്ക് പോളിനെ പിടിച്ചുകുലുക്കി. അവസാനം പോൾ നല്ല ഷോട്ടുകൾ ഇറക്കി ടൈസനെ തകര്‍ക്കുകയായിരുന്നു.