നവി മുംബൈ (മഹാരാഷ്‌ട്ര): കേന്ദ്ര കരാര്‍ റദ്ദാക്കാന്‍ ബിസിസിഐ (BCCI) ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയില്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ഇന്ത്യയു യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan ). ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്ത 25-കാരന്‍ ഏകദേശം രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കളിക്കളത്തിലേക്ക് എത്തിയിരിക്കുന്നത്. ഡിവൈ പാട്ടീൽ ടി20 കപ്പിൽ ആർബിഐക്ക് വേണ്ടി റൂട്ട് മൊബൈൽ ലിമിറ്റഡിനെതിരെയാണ് ഇഷാന്‍ കളിക്കാന്‍ ഇറങ്ങിയത്.
ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ അഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് നേരത്തെ ഇഷാന്‍ കിഷന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജാർഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ ഒരൊറ്റ മത്സരം പോലും കളിക്കാന്‍ ഇഷാന്‍ തയ്യാറായിരുന്നില്ല. 25-കാരന്‍ തങ്ങളെ ബന്ധപ്പെട്ടിട്ട് പോലുമില്ലെന്ന് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും പ്രതികരിച്ചിരുന്നു.
ഇതിനാല്‍ ഇഷാനും ബിസിസിഐയും തമ്മില്‍ ഉടക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുകയും ചെയ്‌തു. ഇതോടെ ഇഷാന് ടീമിലേക്ക് തിരികെ എത്താമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആവര്‍ത്തിച്ചു. എന്നാല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തിയ അദ്ദേഹം എന്തെങ്കിലും ക്രിക്കറ്റ് കളിച്ചാല്‍ മാത്രമേ താരത്തിന് മടങ്ങിയെത്താന്‍ കഴിയൂവെന്നായിരുന്നു പറഞ്ഞത്.
പക്ഷെ, രഞ്‌ജി ട്രോഫിയില്‍ നിന്നും പൂര്‍ണായി വിട്ടു നിന്ന ഇഷാന്‍ ഒടുവില്‍ ഹാർദിക് പാണ്ഡ്യയ്ക്കും (Hardik Pandya) ക്രുണാല്‍ പാണ്ഡ്യയ്‌ക്കുമൊപ്പം (Krunal Pandya) ബറോഡയിലെ കിരൺ മോറ അക്കാദമിയില്‍ 25-കാരന്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഷാനുമായുള്ള കേന്ദ്ര കരാര്‍ റദ്ദാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയത്.