ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്‍റെ അടുത്ത സീസണിലേക്കായി ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പല ടീമുകളും താരങ്ങളേയും പരിശീലകരേയും മാറ്റാന്‍ പദ്ധതിയിടുന്നുണ്ട്. അതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വമ്പന്‍ നീക്കത്തെ കുറിച്ചുള്ള സൂചനകളാണ് പുറത്ത് വരുന്നത്. പുതിയ വാര്‍ത്തകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ടീമിന്‍റെ മുൻ ഓൾറൗണ്ടർ യുവരാജ് തിരിച്ചെത്തിയേക്കും. താരത്തെ പരിശീലകനാക്കാന്‍ ഡൽഹിക്ക് താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവി ആദ്യമായാണ് കോച്ചിങ് റോളിൽ എത്തുന്നത്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങുമായുള്ള ബന്ധം കഴിഞ്ഞ മാസം ആദ്യം ഡല്‍ഹി അവസാനിപ്പിച്ചിരുന്നു. 7 വർഷം നീണ്ടുനിന്ന കൂട്ടുകെട്ടിനാണ് തിരശ്സീല വീണത്. കഴിഞ്ഞ കുറച്ച് സീസണുകളിലെ ടീമിന്‍റെ പ്രകടനത്തിൽ അതൃപ്‌തി തോന്നിയതിനെത്തുടർന്നാണ് പോണ്ടിങ്ങുമായി ടീം വേര്‍പിരിയാന്‍ തീരുമാനിച്ചത്. നേരത്തെ അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവർക്ക് യുവരാജ് സിങ് പരിശീലനം നല്‍കിയിരുന്നു.