ഹൈദരാബാദ്: ഐപിഎൽ അടുത്ത സീസണിന് മുമ്പ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് കൈമാറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുത്തുടങ്ങി. ലേല മേശയിൽ ഉറച്ച തന്ത്രങ്ങളുമായി ഫ്രാഞ്ചൈസികൾ ഒരുങ്ങി. ഒക്‌ടോബര്‍ 31നാണ് ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഐപിഎല്‍ ഗവേണിങ് ബോഡിക്ക് കൈമാറേണ്ടത്.
അതിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ച ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. നിക്കോളാസ് പൂരൻ, മായങ്ക് യാദവ്, രവി ബിഷ്‌നോയ് എന്നീ താരങ്ങളെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് അടുത്ത സീസണിൽ നിലനിർത്തും. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായിരുന്ന കെഎൽ രാഹുലിനെ നിലനിർത്താൻ സാധ്യതയില്ലായെന്നാണ് റിപ്പോര്‍ട്ട്.
2024 ൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു പൂരൻ. കൂടാതെ ടീമിന്‍റെ താൽക്കാലിക ക്യാപ്റ്റനും കൂടിയായിരുന്നു താരം. കരീബിയൻ പവർ-ഹിറ്റർ നിക്കോളാസ് പൂരനെ 2023 സീസണിന് മുന്നോടിയായി 16 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വാങ്ങിയത്. മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയുൾപ്പെടെ ഒന്നിലധികം ഫ്രാഞ്ചൈസികൾക്കായി താരം കളിച്ചിട്ടുണ്ട്. 138.39 സ്‌ട്രൈക്ക് റേറ്റോടെ 2195 റൺസ് നേടിയ 29കാരൻ സമീപകാലത്ത് തന്‍റെ ദേശീയ ടീമിനായി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.