കേരളം

kerala

ETV Bharat / sports

'നന്ദി സഞ്ജു ഭായി, എന്നെ വിശ്വസിച്ചതിന്... പിന്തുണച്ചതിന്'; രാജസ്ഥാന്‍ ക്യാപ്റ്റന് കടപ്പാട് അറിയിച്ച് യശസ്വി ജയ്‌സ്വാള്‍ - Jaiswal thanks Sanju Samson - JAISWAL THANKS SANJU SAMSON

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അപരാജിത സെഞ്ചുറി നേടിക്കൊണ്ട് ഫോമിലേക്ക് മടങ്ങിയെത്തി രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.

RAJASTHAN ROYALS  യശസ്വി ജയ്‌സ്വാള്‍  IPL 2024  സഞ്‌ജു സാംസണ്‍
Yashasvi Jaiswal thanks Sanju Samson after scoring a ton in the RR vs MI match

By ETV Bharat Kerala Team

Published : Apr 23, 2024, 4:07 PM IST

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ അനായാസ വിജയത്തില്‍ നിര്‍ണായക പ്രകടനങ്ങളിലൊന്ന് യുവതാരം യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറി നേട്ടമാണ്. ടൂര്‍ണമെന്‍റില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്ന താരം മുംബൈക്കെതിരെ കളം നിറഞ്ഞു. 60 പന്തില്‍ പുറത്താവാതെ ഒമ്പത് ബൗണ്ടറികളും ഏഴ്‌ സിക്‌സറും സഹിതം 104 റണ്‍സായിരുന്നു യശസ്വി അടിച്ചെടുത്തത്.

പ്രകടനത്തിന് പിന്നാലെ, മോശം ഫോമില്‍ തന്നെ പിന്തുണച്ചതിന് ക്യാപ്റ്റന്‍ സഞ്‌ജു സാംസണും പരിശീലകന്‍ കുമാര്‍ സംഗക്കാരയും ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് 22-കാരന്‍. മത്സര ശേഷം സംസാരിക്കവെ ഇതു സംബന്ധിച്ച യശസ്വിയുടെ വാക്കുകള്‍ ഇങ്ങനെ....

''തുടക്കം മുതൽ ഞാൻ ശരിക്കും ആസ്വദിച്ചു. പന്ത് ഏറെ ശ്രദ്ധിച്ചും, ശരിയായ ഷോട്ടുകൾ കളിക്കുന്നുണ്ടെന്നും ഞാൻ ഉറപ്പാക്കി. എനിക്ക് കഴിയുന്ന കാര്യങ്ങള്‍ നന്നായി തന്നെ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചു. ചില ദിവസങ്ങളിൽ എല്ലാ കാര്യങ്ങളും ശരിയായി തന്നെ സംഭവിക്കും. എന്നാല്‍ മറ്റ് ചില ദിവസങ്ങളിലാവട്ടെ അങ്ങനെ ആവണമെന്നില്ല.

എന്നെ വഴിനയിച്ചതിന് എല്ലാ സീനിയേഴ്‌സിനും നന്ദി പറയുന്നു. എനിക്ക് അവസരങ്ങൾ തന്നതിന് രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്‍റിനും പ്രത്യേകിച്ച് സംഗ സാറിനും (കുമാര്‍ സംഗക്കാര) സഞ്ജു ഭായിക്കും നന്ദി ''- യശസ്വി ജയ്‌സ്വാള്‍ പറഞ്ഞു.

അതേസമയം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചിരുന്നു. രാജസ്ഥാന്‍റെ തട്ടകമായ ജയ്‌പൂരില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സായിരുന്നു നേടിയത്.

ALSO READ: ഹാര്‍ദിക്കിനെയും പന്തിനെയുമല്ല, രോഹിതിന് ശേഷം 'ഇന്ത്യയുടെ ടി20 നായകനാക്കേണ്ടത് സഞ്ജുവിനെ': ഹര്‍ഭജൻ സിങ് - Harbhajan Singh On Sanju Samson

നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സന്ദീപ് ശര്‍മയുടെ പ്രകടനമാണ് പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ തകര്‍ത്തത്. 45 പന്തില്‍ 65 റണ്‍സെടുത്ത തിലക്‌ വര്‍മ ടോപ്‌ സ്‌കോററായി. 24 പന്തില്‍ 49 റണ്‍സ് നേടിയ നേഹല്‍ വധേരയാണ് തിളങ്ങിയ മറ്റൊരു താരം.

മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 183 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ജയ്‌സ്വാളിനെ കൂടാതെ ക്യാപ്റ്റന്‍ സഞ്‌ജു സാംസണും (28 പന്തില്‍ 38) പുറത്താവാതെ നിന്നു. 25 പന്തില്‍ 35 റണ്‍സ് നേടിയ ജോസ്‌ ബട്‌ലറുടെ വിക്കറ്റായിരുന്നു ടീമിന് നഷ്‌ടമായത്.

ABOUT THE AUTHOR

...view details