മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് കഴിഞ്ഞിട്ടില്ല. ഇതേവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് താരം വീഴ്‌ത്തിയിട്ടുള്ളത്. ഇക്കോണമിയാവട്ടെ ഒമ്പതിന് മുകളിലും.
ഇതിനിടെ ടി20യില്‍ വിക്കറ്റ് നേടുന്നത് അപ്രസക്തമാണെന്ന് 37-കാരന്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ആശ്വിന്‍റെ ഈ വാക്കുകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ചിന്താഗതി ഇതാണെങ്കില്‍ 2025-ല്‍ നടക്കുന്ന മെഗാ ലേലത്തില്‍ അശ്വിന്‍ അണ്‍സോള്‍ഡാവുമെന്നാണ് സെവാഗ് പറയുന്നത്.
"സ്‌ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്ന് കെഎൽ രാഹുൽ പറഞ്ഞതിന് സമാനമാണ് അശ്വിന്‍റെയും വാക്കുകള്‍. രണ്ടും ഒരേകാര്യം. രാഹുല്‍ ബാറ്റിങ്ങിനെക്കുറിച്ചും അശ്വിന്‍ ബോളിങ്ങിനെക്കുറിച്ചും പറഞ്ഞു എന്നത് മാത്രമാണ് ഏക വ്യത്യാസം.
വിക്കറ്റ് വീഴ്‌ത്താന്‍ കഴിയുന്നുണ്ടെങ്കില്‍ ഇപ്പറഞ്ഞതിനെ കാര്യമാക്കേണ്ടതില്ല. എന്നാല്‍ അതിന് കഴിയുന്നില്ലെങ്കില്‍, അടുത്ത ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങില്ല. ഒരു ബോളറെ തിരഞ്ഞെടുക്കുമ്പോള്‍ 25-30 റണ്‍സ് വിട്ടു നല്‍കൊടുക്കുന്ന ആള്‍ക്കാണോ അതോ വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് ആകാന്‍ കഴിയുന്ന ആള്‍ക്കാണോ പ്രാധാന്യം നല്‍കുക''- സെവാഗ് പറഞ്ഞു.