മുംബൈ:പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡിനും ബാറ്റിങ് കോച്ച് കിറോണ്‍ പൊള്ളാര്‍ഡിനും ശിക്ഷ വിധിച്ച് ബിസിസിഐ. ഏപ്രില്‍ 18-ന് മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഡിആര്‍എസ് ദുരുപയോഗം ചെയ്‌തതിനാണ് ബിസിസിഐ ഇരുവരുടേയും ചെവിക്ക് പിടിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ 20 ശതമാനമാണ് ഇവരും പിഴയൊടുക്കേണ്ടത്.
റിവ്യൂവുമായി ബന്ധപ്പെട്ട് ടിം ഡേവിഡും കിറോണ്‍ പൊള്ളാര്‍ഡും സൂര്യകുമാർ യാദവിന് നിയമവിരുദ്ധമായി സഹായം നൽകിയെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഐപിഎല്‍ അധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. മുംബൈ ഇന്നിങ്‌സിന്‍റെ 15-ാം ഓവറിലായിരുന്നു ഏറെ വിവാദമായ സംഭവം അരങ്ങേറിയത്.
പഞ്ചാബ് പേസര്‍ അര്‍ഷ്‌ദീപ് സിങ് എറിഞ്ഞ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. ഇതു ലീഗല്‍ ഡെലിവറി ആയാണ് ഫീല്‍ഡ് അമ്പയര്‍ ആദ്യം വിധിച്ചത്. സ്‌ട്രൈക്ക് ചെയ്‌തിരുന്ന സൂര്യകുമാര്‍ യാദവ് റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടതുമില്ല. എന്നാല്‍ റിവ്യൂവിനായി മുംബൈ ഡഗ് ഔട്ടില്‍ നിന്നും നിര്‍ദേശം വന്നു.
മുംബൈ പരിശീലകന്‍ മാര്‍ക് ബൗച്ചറാണ് ഡെലിവറി വൈഡാണെന്ന് ആദ്യം സൂചന നല്‍കുന്നത്. ഇതിന് പിന്നാലെ ടിം ഡേവിഡും പൊള്ളാര്‍ഡും റിവ്യൂ എടുക്കാന്‍ സൂര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇരുവരുടേയും നിര്‍ദേശം അനുസരിച്ച സൂര്യകുമാര്‍ റിവ്യൂ എടുക്കുകയും ചെയ്‌തു.