ജയ്‌പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി വമ്പന്‍ നാഴികകല്ല് പിന്നിട്ട് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനായി 3500 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് മലയാളി താരം. ഫ്രാഞ്ചൈസിക്കായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് സഞ്‌ജു.
ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ പ്രകടനത്തോടെയാണ് താരം നിര്‍ണായക നാഴികകല്ലിലേക്ക് എത്തിയത്. സ്വന്തം തട്ടകമായ ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ 28 പന്തില്‍ പുറത്താവാതെ 38 റണ്‍സായിരുന്നു സഞ്‌ജു അടിച്ചത്. നിലവില്‍ രാജസ്ഥാനായി 3525 റണ്‍സാണ് സഞ്‌ജു നേടിയിട്ടുള്ളത്.
128 ഇന്നിങ്‌സുകളില്‍ നിന്നായി 140.55 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്‌ജുവിന്‍റെ പ്രകടനം. നേരത്തെ, ടീമിനായി 3000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്‌ജു സ്വന്തമാക്കിയിരുന്നു. രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനം ജോസ് ബട്‌ലര്‍ക്കാണ്.
79 ഇന്നിങ്‌സുകളില്‍ നിന്നും 2981 റണ്‍സാണ് ബട്‌ലര്‍ നേടിയിട്ടുള്ളത്. അജിങ്ക്യ രഹാനെ (100 ഇന്നിങ്‌സുകള്‍ നിന്നും 2810 റണ്‍സ്), ഷെയ്ന്‍ വാട്ട്‌സണ്‍ (78 ഇന്നിങ്‌സുകള്‍ നിന്നും 2371 റണ്‍സ്) എന്നിവരാണ് പിന്നിലുള്ള മറ്റ് താരങ്ങള്‍.
2013-ലാണ് സഞ്‌ജു രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തുന്നത്. ഫ്രാഞ്ചൈസിക്ക് വിലക്ക് ലഭിച്ച 2016, 2017 സീസണുകളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി (ഇന്നത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ആയിരുന്നു സഞ്‌ജു കളിച്ചത്. വിലക്ക് മാറി തിരിച്ചെത്തിയ രാജസ്ഥാന്‍റെ നായക സ്ഥാനത്തേക്ക് 2021 സീസണിലാണ് താരം എത്തുന്നത്.
അതേസമയം സീസണില്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ കളിക്കുന്നത്. നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍ തന്നെ സഞ്‌ജുവുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്നും 152.42 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സടിച്ച താരം നിലവില്‍ നാലാമതാണ്. 62.80 ആണ് ശരാശരി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയാണ് തലപ്പത്ത്.
ALSO READ: 'കോലിക്ക് 40 പന്തില്‍ സെഞ്ചുറിയടിക്കാനാവും; ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങണം'; സൗരവ് ഗാംഗുലി - Ganguly On T20 World Cup 2024
എട്ട് മത്സരങ്ങളില്‍ നിന്നും 150.39 സ്‌ട്രൈക്ക് റേറ്റിലും 63.16 ശരാശരിയിലും 379 റണ്‍സാണ് കോലി അടിച്ചിട്ടുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡ്, (ആറ് മത്സരങ്ങളില്‍ നിന്നും 324 റണ്‍സ്), രാജസ്ഥാന്‍ റോയല്‍സിന്‍റെ തന്നെ റിയാന്‍ പരാഗ് (എട്ട് മത്സരങ്ങളില്‍ നിന്നും 318 റണ്‍സ്) എന്നിവരാണ് സഞ്‌ജുവിന് മുന്നിലുള്ളത്.