ജയ്‌പൂര്‍:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) 10 ടീമുകളുടെയും ആദ്യ മത്സരം പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) നായകനായ രാജസ്ഥാൻ റോയല്‍സ് (Rajasthan Royals). ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെയാണ് സഞ്ജുവും സംഘവും തകര്‍ത്തത്. ഇന്നലെ (മാര്‍ച്ച് 24) ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ ജയം (RR vs LSG Match Result).
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റോയല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സായിരുന്നു നേടാൻ സാധിച്ചത്. മത്സരത്തില്‍ 20 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയതോടെയാണ് 1.000 എന്ന നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാൻ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സാണ് (CSK) രണ്ടാം സ്ഥാനത്ത്. 0.779 ആണ് റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും സംഘത്തിന്‍റെയും നെറ്റ് റണ്‍റേറ്റ്. പഞ്ചാബ് കിങ്സ് (PBKS), ഗുജറാത്ത് ടൈറ്റൻസ് (GT) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ (IPL 2024 Points Table After Match No5).