മുംബൈ:ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മിന്നും പ്രകടനമാണ് മുംബൈ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 5.20 മാത്രമായിരുന്നു ഇക്കോണമി.
ബെംഗളൂരുവിന്റെ പ്രധാന താരങ്ങളായ വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ക്ക് പുറമെ മഹിപാല്‍ ലോംറോര്‍, സൗരവ് ചൗഹാന്, വിജയ് കുമാര്‍ വൈശാഖ് എന്നിവരെയായിരുന്നു ബുംറ തന്റെ ഇരകളാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ബെംഗളൂരുവിനെതിരെ ഇതാദ്യമായാണ് ഒരു താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.
ടൂര്‍ണമെന്റില്‍ ബുംറയുടെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ബുംറയും എത്തി. ജെയിംസ് ഫോക്ക്നർ, ജയ്ദേവ് ഉനദ്ഘട്ട്, ഭുവനേശ്വർ കുമാർ എന്നിവരും ടൂര്‍ണമെന്റില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.
ആർസിബിക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറായും ബുംറ മാറി. 26 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയെയും സന്ദീപ് ശർമയെയുമാണ് ബുംറ മറികടന്നത്. നിലവില്‍ ആർസിബിക്കെതിരെ 29 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടില്‍. അതേസമയം ഐപിഎല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ പത്തിലേക്ക് കയറാനും ബുംറയ്ക്ക് കഴിഞ്ഞു.