കേരളം

kerala

ETV Bharat / sports

അടിയുടെ പൊടിപൂരവുമായി വില്‍ ജാക്‌സും കോലിയും; ഗുജറാത്തിനെതിരെ ആധികാരിക വിജയവുമായി ബെംഗളൂരു - IPL 2024 GT vs RCB Result

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു.

WILL JACKS  VIRAT KOHLI  വിരാട് കോലി  വില്‍ ജാക്‌സ്
IPL 2024 Gujarat Titans vs Royal Challengers Bengaluru Result

By ETV Bharat Kerala Team

Published : Apr 28, 2024, 7:33 PM IST

അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക വിജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വില്‍ ജാക്‌സും വിരാട് കോലിയും അടിയുടെ പൊടിപൂരം നടത്തിയതോടെ ഗുജറാത്ത് ഉയര്‍ത്തിയ 201 റണ്‍സിന്‍റെ വിജയ ലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ബെംഗളൂരു മറികടക്കുകയായിരുന്നു. സ്‌കോര്‍: ഗുജറാത്ത് 200/3 (20), ബെംഗളൂരു 206/1 (16).

ലക്ഷ്യം പിന്തുടരാനിറങ്ങിയ ബെംഗളൂരുവിന് സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനെ നഷ്‌ടമായി. 12 പന്തില്‍ 24 റണ്‍സെടുത്ത ഫാഫിനെ സായ് കിഷോറാണ് വീഴ്‌ത്തിയത്. മൂന്നാം നമ്പറിലെത്തിയ വില്‍ ജാക്‌സ് തുടക്കം സ്‌പിന്നര്‍മാര്‍ക്കെതിരെ പ്രയാസപ്പെട്ടപ്പോള്‍ കോലി സ്‌കോര്‍ ഉയര്‍ത്തി.

പിന്നീട് ഇരുവരും ചേര്‍ന്ന് ഗുജറാത്ത് ബോളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. കോലി 32 പന്തിലും വില്‍ ജാക്‌സ് 31 പന്തിലേക്കും അര്‍ധ സെഞ്ചുറിയിലേക്ക് എത്തി. താളം കണ്ടെത്തിയതോടെ ജാക്‌സ് കൂടുതല്‍ അപകടകാരിയാവുകയായിരുന്നു. അര്‍ധ സെഞ്ചുറി തികച്ച 15-ാം ഓവറില്‍ മോഹിത് ശര്‍മയ്‌ക്ക് എതിരെ 29 റണ്‍സ് ജാക്‌സ് അടിച്ച് കൂട്ടിയിരുന്നു. 16-ാം ഓവര്‍ എറിയാനെത്തിയ റാഷിദ്‌ ഖാനെ നിലത്ത് നിര്‍ത്താതെ ജാക്‌സ് ബെംഗളൂരുവിന്‍റെ വിജയം ഉറപ്പിക്കുകയും ചെയ്‌തു.

നാല് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 29 റണ്‍സായിരുന്നു റാഷിദിനെതിരെയും ജാക്‌സ് അടിച്ചത്. 31 പന്തില്‍ അര്‍ധ സെഞ്ചുറിയിലേക്ക് എത്തിയ താരത്തിന് മൂന്നക്കത്തിലേക്ക് എത്താന്‍ പിന്നീട് വെറും 10 പന്തുകള്‍ മാത്രമായിരുന്നു ആവശ്യം വന്നത്. 41 പന്തില്‍ അഞ്ച് ബൗണ്ടറികളും 10 സിക്‌സറുകളും സഹിതം 100 റണ്‍സുമായി വില്‍ ജാക്‌സും, 44 പന്തില്‍ 70 ആറ് ഫോറുകളും മൂന്ന് സിക്‌സറുകളുമായി വിരാട് കോലിയും പുറത്താവാതെ നിന്നു.

ALSO READ: യശസ്വിയും ഗില്ലും വേണ്ട; ടി20 ലോകകപ്പിന് സര്‍പ്രൈസ് സ്‌ക്വാഡ് തിരഞ്ഞെടുത്ത് ശ്രീകാന്ത് - Kris Srikkanth T20 WC Squad

നേരത്തെ, സായ്‌ സുദര്‍ശന്‍, ഷാറൂഖ്‌ ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഗുജറാത്തിനെ മികച്ച നിലയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായത്. 49 പന്തില്‍ എട്ട് ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം പുറത്താവാതെ 84 റണ്‍സെടുത്ത സായ്‌ സുദര്‍ശന്‍ ടോപ്‌ സ്‌കോററായി. 30 പന്തില്‍ മൂന്ന് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 58 റണ്‍സായിരുന്നു ഷാറൂഖ് ഖാന്‍ നേടിയത്.

ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും ആര്‍സിബിയുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഗുജാറാത്തിനെതിരെ കളിപിടിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ് ടീമിന്‍റെ സ്ഥാനം.

ABOUT THE AUTHOR

...view details