ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയം നേടിയത്. സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയാണിത്. ഇതോടെ ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീമായി മലയാളി താരം സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മാറി.
ചെപ്പോക്കില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സായിരുന്നു നേടാന്‍ കഴിഞ്ഞത്. 32 പന്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ടോപ് സ്‌കോററായി. സുനില്‍ നരെയ്നും (20 പന്തില്‍ 27), അംഗൃഷ് രഘുവംശിയും (18 പന്തില്‍ 24) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍.
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും തുഷാര്‍ ദേശ്‌പാണ്ഡെയും ചേര്‍ന്നാണ് കൊല്‍ക്കത്തെയെ തകര്‍ത്തത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ജഡേജയുടെ മിന്നും പ്രകടനം. മുസ്‌തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
ലക്ഷ്യം പിന്തുടരാനിറങ്ങിയ ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 141 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 58 പന്തില്‍ പുറത്താവാതെ 67 റണ്‍സാണ് താരം നേടിയത്.
ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും റുതുരാജ് ഗെയ്‌ക്‌വാദും ആദ്യ വിക്കറ്റില്‍ 27 റണ്‍സ് ചേര്‍ത്ത് ചെന്നൈക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. രചിന്‍ രവീന്ദ്രയെ (8 പന്തില്‍ 15) വൈഭവ് അറോറ വീഴ്‌ത്തിയതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചല്‍ റുതുരാജിന് മികച്ച പിന്തുണ നല്‍കി.
ALSO READ: 'ആരാധകര്‍ കാത്തിരുന്ന വിജയം, ചില്ലിട്ടുവെയ്‌ക്കാന്‍ കൂടെ ഈ നിമിഷവും' - Rohit Hardik Celebration
മിച്ചലിനെ (19 പന്തില്‍ 25) സുനില്‍ നരെയ്‌ന്‍ ബൗള്‍ഡാക്കും മുമ്പ് രണ്ടാം വിക്കറ്റില്‍ ഇരുവരും 70 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നീടെത്തിയ ശിവം ദുബെ (18 പന്തില്‍ 28) ആക്രമിച്ചതോടെ ചെന്നൈ വേഗം ലക്ഷ്യത്തിലേക്ക് അടുത്തു. ലക്ഷ്യത്തിന് തൊട്ടരികെ ദുബെ (18 പന്തില്‍ 28) മടങ്ങിയെങ്കിലും പിന്നീടെത്തിയ ധോണിയും (3 പന്തില്‍ 1) റുതുരാജും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.