ന്യൂഡൽഹി: ഇന്ത്യയിലും ലോകത്തും ഒരുപാട് ആരാധകരുള്ളവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട സിനിമകളും താരങ്ങളുടെ ബയോപിക്കുകളും ധാരാളം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും വെള്ളിത്തിരയിലേക്ക് ഇറങ്ങിയ കളിക്കാര്‍ വളരെ വിരളമാണ്. കളിക്കളത്തിലും വെളളിത്തിരയിലും തിളങ്ങിയ താരങ്ങള്‍ ആരെല്ലാമാണെന്ന് നോക്കാം..
കപിൽ ദേവ്: 1983 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ കപിൽ ദേവ് ദില്ലഗി യേ ദില്ലഗി, ചെയിൻ കുലി കി മെയ്ൻ കുലി, ഇക്ബാൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സുനിൽ ഗവാസ്‌കർ: 1983 ലോകകപ്പിൽ കപിൽ ദേവിന്‍റെ സഹതാരമായ ഗവാസ്‌കർ രണ്ട് സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടത്. 1980-ൽ "സവിൽ പ്രേമച്ചി" എന്ന മറാത്തി ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം 1988ൽ മാലമാൽ എന്ന സിനിമയിൽ അതിഥി വേഷം ചെയ്‌തു.
വിനോദ് കാംബ്ലി: ക്രിക്കറ്റിലെ അത്ഭുത ബാലൻ എന്ന് വിളിക്കപ്പെടുന്ന വിനോദ് കാംബ്ലി, ആക്രമണാത്മക ബാറ്റിങ് ശൈലിക്ക് പേരുകേട്ടയാളാണ്. ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന കാംബ്ലി രണ്ട് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചു. 2002ൽ സുനിൽ ഷെട്ടിയ്‌ക്കൊപ്പം "അനർത്" എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു. 2009 ൽ ക്രിക്കറ്റ് താരം അജയ് ജഡേജയ്‌ക്കൊപ്പം "പാൽ പാൽ ദിൽ കേ സാത്ത്" എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.
യുവരാജ് സിങ്:ക്രിക്കറ്റിലും അഭിനയത്തിലും ഒരുപോലെ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് യുവരാജ് സിങ് വരുന്നത്. ബാലതാരമായി മുൻ ക്രിക്കറ്റ് താരവും പ്രശസ്‌ത നടനുമായ പിതാവിനൊപ്പം യുവരാജ് സിനിമയില്‍ പ്രത്യക്ഷപ്പെട്ടു. മെഹന്ദി ഷാഗ്‌നാ ദി' എന്ന പഞ്ചാബി ചിത്രത്തിൽ ബാല താരമായാണ് യുവിയുടെ അരങ്ങേറ്റം.