പാരിസ്:ഇത്തവണത്തെ പാരിസ് ഒളിമ്പിക്‌സിലെ ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. റാങ്കിങ് റൗണ്ടില്‍ നാലാമതെത്തിയാണ് ഇന്ത്യ നേരിട്ട് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. അങ്കിത ഭഗത്, ദീപിക കുമാരി, ഭജന്‍ കൗര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 1983 പോയിന്‍റാണ് നേടിയത്.
ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളേയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിടുക. ജൂലൈ 28ന് വൈകിട്ട് 5.45നാണ് ഇന്ത്യയുടെ മത്സരം. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ലോക ചാമ്പ്യന്മാരും ഒളിമ്പിക് ചാമ്പ്യന്മാരുമായ കൊറിയ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍.
വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ അങ്കിതാ ഭഗത് ആദ്യ റൗണ്ടില്‍ 54ാം റാങ്ക് താരമായ പോളണ്ടിന്‍റെ മൈസൂര്‍ വയലെറ്റയെ നേരിടും ഭജന്‍ കൗര്‍ 43-ാം റാങ്ക് താരം ഇന്തോനേഷ്യയുടെ സൈഫ നുറഫില കമാലിനെ നേരിടും. ഒന്നാം റൗണ്ട് പിന്നിട്ടാല്‍ ഇരുവരും രണ്ടാം റൗണ്ടില്‍ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ട്. ജൂലൈ 30നാണ് ഇവരുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍. 42-ാം റാങ്കുകാരിഎസ്തോണിയയുടെ റീന പര്‍ണാതാണ് ദീപിക കുമാരിയുടെ ആദ്യ റൗണ്ട് എതിരാളി.
റാങ്കിങ്ങില്‍ രണ്ടാമതെത്തിയ കൊറിയന്‍ താരം നാം സുഹിയോനെയാകും ആദ്യ രണ്ട് റൗണ്ടുകള്‍ പിന്നിട്ടാല്‍ പ്രീ ക്വാര്‍ട്ടറില്‍ ദീപിക നേരിടേണ്ടി വരിക. കൊറിയയുടെ ലിം സിപിയോന്‍ ലോക റെക്കോര്‍ഡ് പ്രകടനത്തോടെ ഒന്നാം റാങ്ക് നേടി. റാങ്കിങ്ങില്‍ ലിം നേടിയ 694 പോയിന്‍റാണ് പുതിയ ലോക റെക്കോര്‍ഡ്.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ എസ്പ്ലനേഡ് ഡെസ് ഇന്‍വാലിഡെസില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള 64 വനിത താരങ്ങളാണ് റാങ്കിങ് നിശ്ചയിക്കാനുള്ള യോഗ്യത പോരാട്ടത്തിനിറങ്ങിയത്. ദീപിക കുമാരിയും അങ്കിത ഭഗതും ഭജന്‍ കൗറുമടക്കമുള്ള ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ആദ്യ റൗണ്ടില്‍ കളം പിടിച്ചു. ആറ് ഷോട്ടുകളുടെ ആദ്യ സെറ്റ് കഴിഞ്ഞപ്പോള്‍ അങ്കിതാ ഭഗത് 22ാം റാങ്കിലായിരുന്നു. ദീപികാ കുമാരി 52-ാം സ്ഥാനത്തും ഭജന്‍ കൗര്‍ 52-ാം സ്ഥാനത്തുമായിരുന്നു.
മൂന്നാം സെറ്റില്‍ അങ്കിതാ ഭഗത് ഏഴാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ദീപിക കുമാരി 39-ാം സ്ഥാനത്തും ഭജന്‍ കൗര്‍ 41-ാം സ്ഥാനത്തുമായി. രണ്ട് പെര്‍ഫെക്റ്റ് ടെന്നും മൂന്ന് പത്തുമടക്കം 59 പോയിന്‍റാണ് അങ്കിത ഭഗത് മൂന്നാം സെറ്റില്‍ നേടിയത്. 176 പോയിന്‍റുള്ള കൊറിയയുടെ സിഹിയോണ്‍ ലിന്‍ ആയിരുന്നു മൂന്ന് സെറ്റ് കഴിയുമ്പോള്‍ ഒന്നാം സ്ഥാനത്ത്. അങ്കിതാ ഭഗതിന് മൂന്നാം സെറ്റ് കഴിയുമ്പോള്‍ 170 പോയിന്‍റായിരുന്നു.
നാലാം സെറ്റില്‍ അങ്കിത ഭഗത് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു. അഞ്ച് ഷോട്ടുകള്‍ 9 പോയിന്‍റ് വീതം നേടി. ഇന്ത്യയുടെ ഭജന്‍ കൗര്‍ നില മെച്ചപ്പെടുത്തി 32ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ദീപിക കുമാരി 38-ാം സ്ഥാനത്തായി.