ദുബായ്: ഐസിസി വനിത ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഇന്ന് നിലനില്‍പ്പിന്‍റെ പോരാട്ടം. ചിരവൈരികളായ പാകിസ്ഥാനാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താൻ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലൻഡിനോട് 58 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ ടീം ഇന്ത്യ നിലവില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്. നെറ്റ് റണ്‍റേറ്റും മോശമായതിനാല്‍ ഫാത്തിമ സന നയിക്കുന്ന പാകിസ്ഥാനെതിരെ വമ്പൻ ജയമായിരിക്കും ഹര്‍മൻപ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ ബുധനാഴ്‌ച ശ്രീലങ്കയേയും ഞായറാഴ്‌ച ഓസ്‌ട്രേലിയയേയുമാണ് ഇന്ത്യയ്‌ക്ക് നേരിടാനുള്ളത്. ഇതില്‍ ഒരുകളി തോറ്റാല്‍ പോലും മറ്റ് മത്സരഫലങ്ങളെ കൂടി ആശ്രയിച്ചാകും ഇന്ത്യയുടെ സാധ്യതകള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് പാകിസ്ഥാൻ വനിതകള്‍ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിനായിരുന്നു പാക് പെണ്‍പട തകര്‍ത്തത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ന്യൂസിലൻഡിനും ഓസ്‌ട്രേലിയക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരാണ് പാകിസ്ഥാൻ.