ബാര്‍ബഡോസ്:ടി20 ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിനായി ടീം ഇന്ത്യ നാളെയാണ് കളത്തിലിറങ്ങുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.
ആദ്യ സെമി ഫൈനലില്‍ അഫ്‌ഗാനിസ്ഥാനെ 9 വിക്കറ്റിന് വീഴ്‌ത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ബ്രയാൻ ലാറ സ്റ്റേഡിയത്തില്‍ അഫ്‌ഗാനിസ്ഥാനെ 56 റണ്‍സില്‍ എറിഞ്ഞിട്ട പ്രോട്ടീസ് 8.5 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഫൈനലിനായാണ് ദക്ഷിണാഫ്രിക്ക നാളെ കളത്തിലിറങ്ങുക.
ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് 171 റണ്‍സ് നേടിയ ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 103 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ജയം നേടുകയായിരുന്നു. പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്.
കലാശപ്പോരിന് ബാര്‍ബഡോസ്: ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡിയമാണ് ടി20 ലോകകപ്പ് ഫൈനലിന് വേദിയാകുന്നത്. ജൂണ്‍ 29 രാത്രി ഇന്ത്യൻ സമയം 7.30ന് ടോസ് വീഴും. എട്ട് മണിയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
കെൻസിങ്ടണ്‍ പിച്ച് റിപ്പോര്‍ട്ട്:പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് കെൻസിങ്ടണ്‍ ഓവലിലേത്. ആദ്യ ഓവറുകള്‍ മുതല്‍ക്ക് തന്നെ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാൻ പേസ് ബൗളര്‍മാര്‍ക്ക് സാധിക്കും. കൂടാതെ, ഈ വിക്കറ്റില്‍ എക്‌സ്ട്രാ ബൗണ്‍സും പേസര്‍മാര്‍ക്ക് ലഭിക്കാൻ സാധ്യതകള്‍ ഏറെയാണ്.
തുടക്കത്തിലെ വെല്ലുവിളി മറികടക്കുന്ന ബാറ്റര്‍മാര്‍ക്ക് മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്താനും സാധിക്കും. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്നും കാര്യമായ സഹായം ലഭിക്കാൻ സാധ്യത കുറവാണ്.
ബാര്‍ബഡോസിലെ ഒന്നാം ഇന്നിങ്‌സ് ശരാശരി സ്കോര്‍ 160 റണ്‍സാണ്. ഈ വേദിയില്‍ ഇതുവരെ കളിച്ച 32 ടി20 മത്സരങ്ങളില്‍ 19 എണ്ണത്തിലും ജയം നേടിയത് ആദ്യം ബാറ്റ് ചെയ്‌ത ടീമായിരുന്നു. 11 തവണയാണ് ചേസിങ് ടീമിന് ജയം നേടാൻ സാധിച്ചത്.
ലോകകപ്പില്‍ ഇംഗ്ലണ്ടും യുഎസ്‌എയും തമ്മിലേറ്റുമുട്ടിയ സൂപ്പര്‍ എട്ടിലെ പോരാട്ടമായിരുന്നു ബാര്‍ബഡോസില്‍ അവസാനം നടന്നത്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത യുഎസ്‌എ 115 റണ്‍സില്‍ പുറത്തായപ്പോള്‍ പത്ത് ഓവറിനുള്ളില്‍ ഇംഗ്ലണ്ട് അനായാസം തന്നെ ജയത്തിലേക്ക് എത്തുകയായിരുന്നു.
കാലാവസ്ഥ പ്രവചനം:മഴ ഭീഷണിയിലായിരുന്നു ടി20 ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ പോരാട്ടം നടന്നത്. ഈ സാഹചര്യത്തില്‍ കലാശപ്പോരാട്ടത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നതും. നിലവില്‍ ബാര്‍ബഡോസില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യ ദക്ഷിണാഫ്രിക്ക ഫൈനലിലും മഴ പെയ്യുമെന്നാണ്. നിലവില്‍ 70 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
അതേസമയം, രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിന് വിപരീതമായി ടി20 ലോകകപ്പിന്‍റെ കലാശപ്പോരിന് ഐസിസി റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 30നാണ് റിസര്‍വ് ദിനം. നാളെ മത്സരം മഴയെടുത്താല്‍ തൊട്ടടുത്ത ദിവസം ഫൈനല്‍ നടക്കും.
Also Read :'ഈ നിമിഷം എങ്ങനെ കരയാതിരിക്കും'; ഇംഗ്ലണ്ടിനെതിരായ ജയത്തിന് പിന്നാലെ വികാരഭരിതനായി രോഹിത്, ആശ്വസിപ്പിച്ച് കോലി - Rohit Sharma Emotional Moment