ബെംഗളൂരു:ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ഔട്ടായതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെ സമൂഹമാധ്യമങ്ങളില്‍ പൊരിക്കുകയാണ് ആരാധകര്‍. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ ഗംഭീറിന്‍റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍ നിറയുന്നത്. ചിന്നസ്വാമിയില്‍ കിവീസിനെ നേരിടാനിറങ്ങുന്നതിന് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഒരു ദിവസം 400 റണ്‍സ് അടിക്കാനും മത്സരം തോല്‍ക്കാതിരിക്കാൻ രണ്ട് ദിവസം ബാറ്റ് ചെയ്യാനും കഴിയുന്ന ടീമാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.
ടീമിന്‍റെ ആദ്യത്തെ ലക്ഷ്യം എപ്പോഴും വിജയം മാത്രമായിരിക്കും. സമനില രണ്ടാമത്തെയോ അല്ലെങ്കില്‍ മൂന്നാമത്തെയോ സാധ്യത മാത്രമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീം 46 റണ്‍സില്‍ പുറത്തായതോടെ ഗംഭീറിനും ഇന്ത്യൻ ടീമിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയിട്ടും ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ പലരും ചോദ്യം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ബാറ്റിങ് ഓര്‍ഡറിലെ പരീക്ഷണങ്ങളും. ബെംഗളൂരുവിലെ സാഹചര്യങ്ങള്‍ നന്നായി അറിയുന്ന കെഎല്‍ രാഹുലിനെ ബാറ്റിങ് ഓര്‍ഡറില്‍ സര്‍ഫറാസ് ഖാനും പിന്നിലായി ഇറക്കിയതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
മഴയെ തുടര്‍ന്ന് ഒന്നാം ദിനം ഉപേക്ഷിച്ച മത്സരത്തിന്‍റെ രണ്ടാം ദിവസം ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ 31.2 ഓവറിലാണ് 46 റണ്‍സില്‍ പുറത്തായത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണിത്. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെൻറിയും നാല് വിക്കറ്റെടുത്ത വില്‍ ഒ റോര്‍ക്കും ചേര്‍ന്നായിരുന്നു ചിന്നസ്വാമിയില്‍ ഇന്ത്യയെ തകര്‍ത്തത്. അഞ്ച് ബാറ്റര്‍മാര്‍ ഡക്കായ മത്സരത്തില്‍ 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
Also Read :ഡക്കായത് അഞ്ച് പേര്‍! കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ അടിതെറ്റി ഇന്ത്യ; ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്ത്