റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ (India vs England 4th Test) ഇന്ത്യയ്‌ക്ക് 192 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് 145 റണ്‍സില്‍ ഓള്‍ഔട്ടായി. ഇന്ത്യന്‍ സ്‌പിന്നര്‍മാരാണ് സന്ദര്‍ശകരെ എറിഞ്ഞിട്ടത്. ആര്‍ അശ്വിന്‍ (R Ashwin) അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് (Kuldeep Yadav) നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റുണ്ട്.
അര്‍ധ സെഞ്ചുറി നേടിയ സാക്ക് ക്രൗവ്‌ലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. 91 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 110 റണ്‍സിലേക്ക് എത്തിയതിന് ശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. എന്നാല്‍ തുടക്കം തന്നെ തുടര്‍പ്രഹരം നല്‍കിയ ആര്‍ അശ്വിന്‍ ടീമിനെ ഞെട്ടിച്ചു.
അശ്വിന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ബെന്‍ ഡക്കറ്റും (15), ഒല്ലി പോപ്പും (0) പുറത്ത്. പിന്നാലെ തന്നെ ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ ജോ റൂട്ടിനേയും (11) അശ്വിന്‍ വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് 3-ന് 65 റണ്‍സ് എന്ന നിലയിലായി. തുടര്‍ന്ന് ഒന്നിച്ച സാക്ക് ക്രൗവ്‌ലിയും ജോണി ബെയര്‍സ്റ്റോയും പ്രത്യാക്രമണത്തിന് ശ്രമിച്ചു.
എന്നാല്‍ ക്രൗവ്‌ലിയുടെ കുറ്റിയിളക്കിയ കുല്‍ദീപ് യാദവ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. ക്രൗവ്‌ലി മടങ്ങുമ്പോള്‍ 110 റണ്‍സായിരുന്നു സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. തുടര്‍ന്നുള്ള ആറ് വിക്കറ്റില്‍ 35 റണ്‍സാണ് ഇംഗ്ലണ്ടിന് ചേര്‍ക്കാന്‍ കഴിഞ്ഞത്.