അഡ്‌ലെയ്‌ഡ്: ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ഞെട്ടലോടെ തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ യശസ്വി വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ യശസ്വി ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ മിച്ചല്‍ സ്റ്റാര്‍ക്കുമായി താരം കൊമ്പുകോര്‍ക്കുകയും ചെയ്‌തു. എന്നാല്‍ അഡ്‌ലെയ്‌ഡില്‍ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ യുവ ഓപ്പണറെ വീഴ്‌ത്താന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞു. 140.4 കിലോ മീറ്റര്‍ വേഗത്തില്‍ പറന്നെത്തിയ ഇന്‍സ്വിങ്ങറിലാണ് യശസ്വി വീണത്.
സ്റ്റാര്‍ക്കിന്‍റെ മധുരപ്രതികാരമാണിതെന്നാണ് ആരാധകരുടെ പക്ഷം. തന്‍റെ ടെസ്റ്റ് കരിയറിൽ ഇതാദ്യമായാണ് ജയ്‌സ്വാൾ ഗോൾഡൻ ഡക്കാവുന്നത്. ഇതോടെ ടെസ്റ്റില്‍ ഗോൾഡൻ ഡക്കായ ഏഴാമത്തെ ഇന്ത്യന്‍ താരമായി യശസ്വി മാറി. സുനിൽ ഗവാസ്‌കർ, സുധീർ നായിക്, ഡബ്ല്യുവി രാമൻ, ശിവസുന്ദർ ദാസ്, വസീം ജാഫർ, കെഎൽ രാഹുൽ എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.