അഡ്‌ലെയ്‌ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്‌റ്റിന് ഇന്ന് തുടക്കം. രാവിലെ 9.30 മുതല്‍ അഡ്‌ലെയ്‌ഡിലാണ് മത്സരം. പിങ്ക് ബോളിൽ നടക്കുന്ന പരമ്പരയിലെ ഒരേയൊരു ഡേ നൈറ്റ് ടെസ്‌റ്റാണ് ഇതെന്ന പ്രത്യേകതയുണ്ട്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ബോർഡർ-ഗാവസ്‌കർ പരമ്പരയിൽ അഞ്ച് ടെസ്‌റ്റുകളാണ് ആകെ ഉള്ളത്. പെർത്തിൽ നടന്ന ആദ്യ ടെസ്‌റ്റില്‍ 295 റൺസിന് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ ടെസ്‌റ്റിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും ടീമില്‍ തിരിച്ചെത്തി.
2020 ഡിസംബറില്‍ അഡ്‌ലെയ്‌ഡില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ പിങ്ക് ടെസ്‌റ്റില്‍ ഇന്ത്യ വെറും 36 റൺസിന് ഓൾ ഔട്ടായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 244 റൺസെടുത്തു. ഓസ്ട്രേലിയയെ 191 റൺസിന് പുറത്താക്കി 53 റൺസ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 36 റൺസിന് പുറത്തായി. ടെസ്‌റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറായിരുന്നു. ഒരാളും രണ്ടക്കം കടന്നില്ല. മത്സരത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതിന്‍റെ കണക്കുകള്‍ തീര്‍ക്കാൻ കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്താണ് പിങ്ക് ബോള്‍?
ടെസ്‌റ്റില്‍ ൽ ഉപയോഗിക്കുന്ന ചുവന്ന പന്ത് രാത്രി കാണാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് ഡൈ-നൈറ്റ് ടെസ്റ്റുകളിൽ പിങ്ക് പന്ത് ഉപയോഗിക്കുന്നത്. മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് പിങ്ക് കളറില്‍ ആയതിനാല്‍ കാണികള്‍ക്കും കളിക്കാര്‍ക്കും പന്ത് വ്യക്തമായി കാണാൻ സാധിക്കും. അഡ്‌ലെയ്‌ഡില്‍ 23-ാമത്തെ പിങ്ക് ബോള്‍ ടെസ്‌റ്റാണ് ഇന്ന് നടക്കുന്നത്. ഇത്തരം മല്‍സരങ്ങളില്‍ ഏറ്റവുമധികം വിജയിച്ച ടീമാണ് ഓസ്‌ട്രേലിയ. ഓസ്ട്രേലിയ 12 ഡേ-നൈറ്റ് ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ ഇന്ത്യ വെറും നാലെണ്ണം മാത്രമാണ് കളിച്ചത്. ഓസീസ് 11 എണ്ണത്തിലും ഇന്ത്യ മൂന്ന് മല്‍സരങ്ങളിലും വിജയിച്ചു.