ബാര്‍ബഡോസ്:കുട്ടിക്രിക്കറ്റിന്‍റെ രാജാക്കന്മാരെ അറിയാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ വേദിയാകുന്ന കലാശപ്പോരാട്ടം രാത്രി എട്ടിനാണ് ആരംഭിക്കുക. കിരീടക്ഷാമം അവസാനിപ്പിക്കാൻ ഇറങ്ങുന്ന ഇന്ത്യയും ആദ്യ കിരീടം തേടിയിറങ്ങുന്ന ദക്ഷിണാഫ്രിക്കയും കൊമ്പുകോര്‍ക്കുമ്പോള്‍ കലാശപ്പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്.
ഫൈനല്‍ പോരിനിറങ്ങുന്നത് ടൂര്‍ണമെന്‍റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകള്‍. ഒരു തോല്‍വി പോലും വഴങ്ങാതെയാണ് രണ്ട് ടീമും കലാശപ്പോരിനിറങ്ങുന്നത്. ഇന്ന് രാത്രി അവസാനിക്കുന്നതോടെ ഇതില്‍ ഒരു ടീമിന്‍റെ വിന്നിങ് സ്ട്രീക്ക് അവസാനിക്കും.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടി20 ലോകകപ്പിനെത്തിയ ടീം ഇന്ത്യ പ്രാഥമിക റൗണ്ടിലും സൂപ്പര്‍ എട്ടിലും മൂന്ന് കളികള്‍ വീതം ജയിച്ചു. ഒരു മത്സരം മഴയെടുക്കുകയായിരുന്നു. പാകിസ്ഥാൻ, ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് എന്നിവരെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ട്.