മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയ്‌ക്ക് ലഭിച്ചത് 3000-ല്‍ അധികം വ്യാജ അപേക്ഷകളെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മുൻ താരങ്ങളായ സച്ചിൻ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി തുടങ്ങിയവരുടെ പേരുകളില്‍ നിന്നാണ് ബിസിസിഐയ്‌ക്ക് വ്യാജ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
ഈ മാസം 13നായിരുന്നു പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ടീം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണം, കളിക്കാരുടെ സമ്മര്‍ദം കൈകാര്യം ചെയ്യാൻ അറിയണം എന്നീ യോഗ്യതകളായിരുന്നു പ്രധാനമായും ബിസിസിഐ അപേക്ഷകര്‍ക്ക് മുന്നിലേക്ക് വച്ചത്. കൂടാതെ, പരിശീലകാനായി എത്തുന്ന വ്യക്തി ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കായി ലോകോത്തര നിരയെ വാര്‍ത്തെടുക്കണമെന്നും നിലവിലെയും ഭാവിലെയും താരങ്ങളെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തണമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
ഗൂഗിള്‍ ഫോമിലൂടെയാണ് താല്‍പര്യമുള്ളവരോട് അപേക്ഷ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടത്. യഥാര്‍ഥ അപേക്ഷകരെ കണ്ടെത്താന്‍ എളുപ്പമാകും എന്നതുകൊണ്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡ് ഈ മാര്‍ഗം സ്വീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ഭൂരിഭാഗവും വ്യാജമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.