ന്യൂഡൽഹി:ജര്‍മ്മനിക്കെതിരേ ഇന്ത്യൻ ഹോക്കി ടീമിന്‍റെ രണ്ട് മത്സരങ്ങളുടെ പരമ്പര ഒക്ടോബര്‍ 23,24 തീയതികളില്‍ ഡൽഹിയിൽ നടക്കും. മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടുകയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തുകയും ചെയ്‌തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ഹോക്കി ടീം.
'ജർമ്മനിക്കെതിരായ ഉഭയകക്ഷി പരമ്പര ലോകോത്തര ഹോക്കിയുടെ അത്ഭുതകരവും അവിസ്മരണീയവുമായ പ്രദർശനമായിരിക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ദിലീപ് ടിർക്കി പറഞ്ഞു. ഇന്ത്യയ്ക്കും ജർമ്മനിക്കും മത്സരത്തില്‍ സമ്പന്നമായ ചരിത്രമുണ്ട്. ലോകത്തിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകൾ തമ്മിലുള്ള ആവേശകരമായ ഏറ്റുമുട്ടൽ ആസ്വദിക്കാൻ ആരാധകർക്ക് അവസരം നൽകും. ഹോക്കിയുടെ ആവേശം പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പരിപാടി ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ദിലീപ് ടിർക്കി പറഞ്ഞു.