ആന്‍റിഗ്വ:ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയം തുടരാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. ആന്‍റിഗ്വയിലെ സര്‍ വിവിയൻ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം.
ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ വീഴ്‌ത്തിയാണ് ഇന്ത്യയുടെ വരവ്. ഇന്നും ജയിക്കാനായാല്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും സെമിക്കരികിലേക്ക് എത്താം. മറുവശത്ത്, ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് തോറ്റ ബംഗ്ലാദേശ് വിജയവഴിയില്‍ മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്.
ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം തകര്‍പ്പൻ പ്രകടനങ്ങള്‍ കാഴ്‌ചവച്ചത്. ജസ്‌പ്രീത് ബുംറയുടെ ഫോമാണ് ടീമിന്‍റെ കരുത്ത്. ബുംറയ്‌ക്കൊപ്പം അര്‍ഷ്‌ദീപും മികവിലേക്ക് ഉയരുന്നത് ടീമിന് ആശ്വാസം നല്‍കുന്നു.
ബാറ്റര്‍മാരുടെ പ്രകടനങ്ങളാണ് നിലവില്‍ ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ക്യാപ്‌റ്റൻ രോഹിതും ഓപ്പണര്‍ വിരാട് കോലിയും പഴയ ഫോമിന്‍റെ നിഴലില്‍ മാത്രം. സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്തുന്നതാണ് പ്രതിസന്ധികള്‍ക്കിടയിലും ആശ്വാസം.
സൂര്യയ്‌ക്കൊപ്പം റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. സ്ഥിരത പുലര്‍ത്താൻ സാധിക്കാത്ത ശിവം ദുബെയെ ടീമില്‍ നിലനിര്‍ത്തുമോ എന്ന കാര്യം കണ്ടറിയണം. സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നെറ്റ്‌സില്‍ പരിശീലനം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ബംഗ്ലാദേശിന് ഇന്ന് ജീവൻ മരണപോരാട്ടമാണ്. ഇന്ത്യയോട് തോറ്റാല്‍ അവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കും. താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് ബംഗ്ലാദേശിനും പ്രധാന പ്രശ്‌നം.
Also Read :ഗംഭീറല്ല; ഇന്ത്യയുടെ അടുത്ത പര്യടനത്തില്‍ പരിശീലകനാവുക മറ്റൊരു മുന്‍ ഇന്ത്യന്‍ താരം - Indian vs Zimbabwe