ബെംഗളൂരു:അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യയുടെ സര്‍ഫറാസ് ഖാന്‍. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ നാലാം ദിനത്തിലാണ് സര്‍ഫറാസ് മൂന്നക്കം തൊട്ടത്. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായ താരം 110 പന്തുകളിലാണ് സെഞ്ചുറി തികച്ചത്.
സര്‍ഫറാസിന്‍റെ നാലാമത്തെ മാത്രം ടെസ്റ്റാണിത്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളിലും സര്‍ഫറാസിന് അവസരം ലഭിച്ചിരുന്നില്ല. ബെംഗളൂരുവില്‍ കിവീസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനായിരുന്നു സര്‍ഫറാസ് പുറത്തായത്. വെറും മൂന്ന് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ സമയത്താണ് സര്‍ഫറാസ് സെഞ്ചുറിയുമായി പ്രതീക്ഷകാക്കുന്നത്. ഒരു ടെസ്റ്റ് മത്സരത്തില്‍ ഡക്കും സെഞ്ചുറിയും നേടിയ 22-ാമത്തെ ഇന്ത്യന്‍ താരമാണ് സര്‍ഫറാസ്. അടുത്ത കാലത്ത് ശുഭ്‌മാന്‍ ഗില്ലായിരുന്നു ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയത്.
കഴിഞ്ഞ മാസം ചെന്നൈയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു പൂജ്യത്തിന് പുറത്തായ ശേഷം ഗില്‍ സെഞ്ചുറി അടിച്ചത്. ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റില്‍ ഡക്കും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സര്‍ഫറാസ്. 2014-ല്‍ ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ശിഖർ ധവാനായിരുന്നു നേരത്തെ ഇത്തരത്തില്‍ ഒരു പ്രകടനം നടത്തിയത്.
ALSO READ: റെക്കോര്‍ഡ് നേട്ടവുമായി ബെംഗളൂരുവിന്‍റെ 'ലോക്കല്‍ ബോയ്' ന്യൂസിലൻഡ് സൂപ്പര്‍ ബാറ്ററായ രച്ചിൻ രവീന്ദ്ര
അതേസമയം ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യയ്‌ക്ക് മറുപടിക്കിറങ്ങിയ കിവീസ് 402 റണ്‍സാണ് നേടിയത്. ഇതോടെ 356 റണ്‍സിന്‍റെ കടവുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. നിലവില്‍ റിഷഭ് പന്താണ് സര്‍ഫറാസിന് കൂട്ട്.