ഹൈദരാബാദ്:ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ (India vs England 1st Test Day 2). രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. കെഎല്‍ രാഹുല്‍ (55), ശ്രേയസ് അയ്യര്‍ (34) എന്നിവരാണ് ക്രീസില്‍.
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 24 റണ്‍സ് മാത്രം പിന്നിലാണ് നിലവില്‍ ഇന്ത്യ (Ind vs Eng 1st Test Day 2 Lunch). 119-1 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് ഇന്ന് ജയ്‌സ്വാളിന്‍റെയും ശുഭ്‌മാന്‍ ഗില്ലിന്‍റേയും വിക്കറ്റുകളാണ് നഷ്‌ടപ്പെട്ടത്. രണ്ടാം ദിവസത്തെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ഇന്ന് ജയ്‌സ്വാളിനെ നഷ്‌ടപ്പെട്ടിരുന്നു.
ജോ റൂട്ടാണ് ഇന്ത്യന്‍ ഓപ്പണറെ പുറത്താക്കിയത്. 74 പന്തില്‍ 80 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ജയ്‌സ്വാളിന്‍റെ സമ്പാദ്യം. പിന്നാലെ നാലാം നമ്പറില്‍ കെഎല്‍ രാഹുലാണ് ക്രീസിലേക്ക് എത്തിയത്.
ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരെ അനായാസം തന്നെ റണ്‍സ് കണ്ടെത്താന്‍ രാഹുലിനായി. എന്നാല്‍, ക്രീസിലുണ്ടായിരുന്ന ഗില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിന് ഉള്‍പ്പടെ നന്നേ പാടുപെട്ടിരുന്നു. മത്സരത്തിന്‍റെ 35-ാം ഓവറില്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കി ഗില്ലും മടങ്ങി.