അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ കര്‍ശന തീരുമാനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് പാകിസ്ഥാൻ സർക്കാർ പിസിബിക്ക് നിർദ്ദേശം നൽകുമെന്നാണ് റിപ്പോർട്ടിലുള്ളത്.
2025 ഫെബ്രുവരി 19 മുതൽ മാർച്ച് ഒൻപതു വരെയാണ് പാക്കിസ്ഥാനിലെ വിവിധ വേദികളിലായി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഇന്ത്യയുടെ തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടീം കളിക്കുന്ന മത്സരങ്ങൾ യുഎഇയിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ആവശ്യം. പരമ്പര ഹൈബ്രിഡ് മാതൃകയിൽ നടത്താൻ പദ്ധതിയില്ലെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ചാമ്പ്യൻസ് ട്രോഫി പരമ്പര ബഹിഷ്‌കരിച്ചാൽ പാക് ക്രിക്കറ്റ് ബോർഡ് വൻ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് സൂചന. പിസിബിക്ക് ഐസിസിയുടെ ഭാവി സാമ്പത്തിക സഹായം നഷ്‌ടമാകും. ടൂർണമെന്‍റ് നടത്തിപ്പിനായി 65 മില്യൺ യുഎസ് ഡോളറാണ് പാകിസ്ഥാന് ലഭിക്കുക.